കറുത്ത പൊന്നിന് ഏഴഴക്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, October 2, 2023 12:58 AM IST
ഒക്ടോബറിന്റെ വരവറിയിച്ചുകൊണ്ട് കുരുമുളക് വീണ്ടും സജീവമാകുന്നു. മാസാരംഭ ഡിമാൻഡിൽ വെളിച്ചെണ്ണ പ്രതീക്ഷ നിലനിർത്തുന്നു. കനത്ത മഴ റബർ ഉത്പാദനം സ്തംഭിപ്പിച്ചിട്ടും വ്യവസായികൾ ഉത്പാദകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. സ്വർണ വില താഴ്ന്നു.
എന്നും ചോരകുടിക്കുന്ന മാസമാണ് ഒക്ടോബറെന്ന് കുരുമുളകു വിപണിയുടെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. കുരുമുളകിൽ അവധി വ്യാപാരം അര നൂറ്റാണ്ടിലേറെ സുഗമമായി നടത്തിയ രാജ്യമാണ് ഇന്ത്യ. അന്ന് നിക്ഷേപകന്റെയും വിൽപ്പനക്കാരന്റെയും ചോരകുടിച്ചു വീർത്ത ഒരു കാലട്ടമുണ്ടായിരുന്നു ഈ ഉത്്പന്നത്തിന്. നിലവിൽ അവധിവ്യാപാരങ്ങൾ ഓർമയായി മാറിയെങ്കിലും അടുത്ത സീസണിലെ ഉത്പാദനം സംബന്ധിച്ചു വ്യക്തമായ സൂചന ലഭിക്കുന്ന മാസമെന്ന നിലയ്ക്ക് വൻ ചാഞ്ചാട്ടം വിലയിൽ പ്രതീക്ഷിക്കാം.
ഓഗസ്റ്റിലെ വൻ കുതിച്ചുചാട്ടത്തിനു ശേഷം സെപ്റ്റംബറിൽ സാങ്കേതിക തിരുത്തലിലുടെ വിപണി സ്ഥിരത കൈവരിച്ചശേഷം മുന്നേറാനുള്ള തയാറെടുപ്പിലാണ്. പിന്നിട്ട മൂന്നു ദിവസങ്ങളിൽ കുരുമുളകുവിലയിലുണ്ടായ ഉണർവ് കണക്കിലെടുത്താൽ ഒക്ടോബറിൽ വിലയിൽ ശ്രദ്ധേയമായ ചലനങ്ങൾക്കിടയുണ്ട്.
ആശ്വാസമഴയായി സെപ്റ്റംബർ
ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച വർഷങ്ങളുടെ പട്ടികയിലാണ് 2023 ന് ഇടം. കാലവർഷത്തിന് തുടക്കം കുറിച്ച ജൂണിൽ മഴയുടെ അളവ് കേരളത്തിൽ 60 ശതമാനം കുറവായിരുന്നു. എന്നാൽ ജൂലൈയിൽ സാധാരണ മഴ കേരളത്തിന് ലഭിച്ചെങ്കിലും എൽനിനോ പ്രതിഭാസ ഫലമായി ഓഗസ്റ്റിൽ മഴയുടെ അളവ് 87 ശതമാനം കുറഞ്ഞത് കാർഷിക കേരളത്തെ വറചട്ടിയിൽനിന്നും എരിതീയിലിട്ട അനുഭവമായിരുന്നു. ആശ്വാസ മഴയുമായി സെപ്റ്റംബർ എത്തിയത് കർഷകർക്ക് പ്രതീക്ഷ പകരുന്നു, അതേസമയം നാലു മാസം നീണ്ട മൺസൂൺ കാലയളവ് അവസാനിക്കുന്നു. നിലവിൽ ചക്രവാത ചുഴിയുടെ ഭാഗമായുള്ള കനത്ത മഴ ഏതാനും ദിവസങ്ങൾ തുടരാം.
ഇതിനിടെ കുരുമുളക് സംഭരണത്തിൽനിന്നും അല്പം വിട്ടു നിന്ന അന്തർസംസ്ഥാന ഇടപാടുകാർ വാരാവസാനം വിപണിയിൽ തിരിച്ചെത്തിത്തുടങ്ങി. അവരുടെ വരവ് വിലയിൽ നേരിയ ഉണർവ് ഉളവാക്കി. വിദേശ ചരക്ക് എത്തിച്ച് ആഭ്യന്തരവില ഇടിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിക്കാതെ വന്നത് ഇറക്കുമതി ലോബിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. വിപണി വിലയിലും താഴ്ത്തി ചരക്ക് ഇറക്കി മാർക്കറ്റ് പൊട്ടിക്കാൻ നടത്തിയ കുതന്ത്രങ്ങളും വിലപ്പോയില്ല. ഹൈറേഞ്ചിലെയും മറ്റു മേഖലകളിലെയും കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്കുനീക്കത്തിൽനിന്നും വിട്ടുനിന്നു. കൊച്ചിയിൽ കുരുമുളക് ഗാർബിൾഡ് ക്വിന്റലിന് 62,500 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7,700 ഡോളർ.
മുന്നേറ്റത്തോടെ നാളികേര വിപണി
നാളികേരോത്പന്നങ്ങളിൽ നേരിയ മുന്നേറ്റം ദൃശ്യമായി. മാസാരംഭമായതിനാൽ തമിഴ്നാട് ലോബി സംഘടിതരായി എണ്ണവില ഉയർത്തി കേരളത്തിൽ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. ഓരോ ഉണർവിലും സ്റ്റോക്ക് വിറ്റുമാറാൻ നമ്മുടെ ഉത്പാദകർ നീക്കം നടത്തുന്നത് താത്കാലിക ആശ്വാസത്തിന് അവസരം ഒരുക്കാം. കാങ്കയത്ത് കൊപ്ര വില 7,675 രൂപയിൽനിന്നും ഒറ്റയടിക്ക് 7,875ലേക്ക് വെളളിയാഴ്്ച ഉയർത്തി. എണ്ണവില 350 രൂപയാണ് വർധിപ്പിച്ചത്. പ്രദേശിക വിപണികളിൽ മാസാരംഭ ഡിമാൻഡ് നേട്ടമാക്കാനുള്ള നീക്കത്തിലാണ് കാങ്കയത്തെ വ്യവസായികൾ. കൊച്ചിയിൽ കൊപ്ര 100 രൂപ ഉയർന്ന് 8,000ലും വെളിച്ചെണ്ണ 12,300 രൂപയിലുമാണ്.
സ്ഥിരതയോടെ ഏലം
ഉത്പാദകരിൽനിന്നും ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് സ്റ്റെഡിയായി തുടരുന്നു. കയറ്റുമതിക്കാരും ആഭ്യന്തര വ്യവസായികളും ചരക്ക് സംഭരിക്കാൻ ഉത്സാഹിച്ചെങ്കിലും നിരക്ക് ഉയർത്തുന്ന കാര്യത്തിൽ അവർ തയാറായില്ല. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 2,290 രൂപയിലും ശരാശരി ഇനങ്ങൾ 1,748 രൂപയിലുമാണ്.
റബർ: മഴയിൽ അകന്ന് കർഷകർ
കനത്ത മഴ മൂലം റബർ വെട്ടിന് അവസരം ലഭിക്കാതെ വലിയോരുപങ്ക് കർഷകരും തോട്ടങ്ങളിൽ നിന്നും വിട്ടുനിന്നിട്ടും ടയർ ലോബി ഷീറ്റ് വില ഉയർത്താൻ തയാറായില്ല. രാജ്യാന്തര വിപണിയിലെ തളർച്ച മാത്രമേ അവരുടെ കണ്ണുകളിൽപ്പെടുന്നുള്ളൂ.
ആഭ്യന്തര ഉത്പാദനം സ്തംഭിച്ചത് അറിഞ്ഞ ഭാവം നടിച്ചില്ല. നാലാം ഗ്രേഡ് റബർ 14,600 രൂപ. അഞ്ചാം ഗ്രേഡ് 13,700-14,300 രൂപയിലും ഒട്ടുപാൽ 9,600 രൂപയിലും ലാറ്റക്സ് 10,400 രൂപയിലുമാണ് വാരാവസാനം.
ജാതിവിപണിയിൽ ചാഞ്ചാട്ടം
മധ്യകേരളത്തിലെ വിപണികളിൽ ജാതിക്ക, ജാതിപത്രി വിലകളിൽ നേരിയ ചാഞ്ചാട്ടം. ഗൾഫ് ഓർഡറുകൾ മുൻനിർത്തി ഏറ്റവും മികച്ചയിനങ്ങളിൽ കയറ്റുമതിക്കാർ താത്പര്യം കാണിച്ചു. ആഭ്യന്തര ഡിമാന്ഡ് മുന്നിൽക്കണ്ട് ഒരു വിഭാഗം മധ്യവർത്തികൾ മികച്ചയിനങ്ങളിൽ പിടിമുറുക്കുന്നുണ്ട്.
സ്വർണവില ഇടിഞ്ഞു
ആഭരണ വിപണികളിൽ സ്വർണ വില പവന് 43,960 രൂപയിൽനിന്നും 42,680ലേക്ക് ഇടിഞ്ഞു. ഒരാഴ്്ചയ്ക്കിടയിൽ പവന് 1280 രൂപയുടെ കുറവ്. അന്താരാഷ്ട്ര മാർക്കറ്റ് വില ആറു മാസത്തെ താഴ്ന്ന നിലവാരമായ 1844 ഡോളറിലേക്ക് ഇടിഞ്ഞു.