പുതിയ ഗവർണറുടെ കീഴിൽ ആദ്യ ബോർഡ് യോഗം ഇന്ന്
Friday, December 14, 2018 12:51 AM IST
മുംബൈ: പുതിയ ഗവർണറെ ചൊല്ലിയുള്ള വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗം ഇന്ന്. ഗവർണർ ശക്തികാന്തദാസ് കേന്ദ്ര സർക്കാരിനോടു കാണിക്കുന്ന വിധേയത്വത്തിന്റെ അളവ് ഈ യോഗത്തിൽ കാണാനാകും.
രാജ്യം ഭരിക്കുന്ന ഗവൺമെന്റാണു സന്പദ്ഘടനയെ നയിക്കുന്നതെന്നും റിസർവ് ബാങ്ക് സ്വയംഭരണം പുലർത്തുന്പോൾതന്നെ കണക്കു ബോധിപ്പിക്കാൻ ബാധ്യസ്ഥമാണെന്നും ദാസ് പറഞ്ഞിരുന്നു. സർക്കാരിന്റെയും ധനമന്ത്രാലയത്തിന്റെയും കീഴ്ഘടകമായി റിസർവ് ബാങ്കിനെ മാറ്റുന്നതിനുള്ള ഉന്നമാണു പലരും ആ വാക്കുകളിൽ കാണുന്നത്.
റിസർവ് ബാങ്കിന്റെ ഭരണസംവിധാനത്തിൽ ഡയറക്ടർ ബോർഡിനും ധനമന്ത്രാലയത്തിനും കൂടുതൽ പങ്കാളിത്തം നല്കാൻ ദാസ് ശ്രമിക്കും. ഭരണസംവിധാനം ഇന്നത്തെ ബോർഡ് യോഗത്തിന്റെ അജൻഡയിൽപെടുന്നുണ്ട്.
ത്വരിത തിരുത്തൽ പരിപാടി(പിസിഎ)യിൽപെട്ട പൊതുമേഖലാ ബാങ്കുകളെ അതിൽനിന്നു വിമുക്തമാക്കാനുള്ള നടപടി വേഗത്തിലായേക്കും. കിട്ടാക്കടങ്ങളുടെ തോതു കുറയ്ക്കുകയും മൂലധനം വർധിപ്പിക്കുകയും ചെയ്യുന്നതു വരെ പുതിയ വായ്പ അനുവദിക്കാൻ 11 ബാങ്കുകൾക്കു വിലക്കുണ്ട്. ഇത് ഏറ്റവും വേഗം മാറ്റിയെടുക്കണമെന്നാണു ഗവൺമെന്റ് നിർബന്ധിക്കുന്നത്. ദാസ് അതിനു വഴങ്ങുമോ എന്ന് ഇന്നറിയാം. ഇന്നലെ അദ്ദേഹം പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചർച്ച നടത്തി.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രമോട്ടറായ ഉദയ് കൊട്ടക്കിനു ബാങ്കിലെ ഓഹരി കുറയ്ക്കാൻ റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി ഈ മാസം തീരും. ഓഹരി കുറയ്ക്കാതെയുള്ള പരിഹാരത്തിന് കൊട്ടക് ശ്രമിച്ചത് ഉർജിത് പട്ടേൽ സമ്മതിച്ചില്ല. ഇതിനെതിരേ കൊട്ടക് ഹൈക്കോടതിയിൽ റിട്ട് ഹർജി നല്കിയിരിക്കുകയാണ്. റിസർവ് ബാങ്കിനെതിരേ ഒരു വാണിജ്യ ബാങ്ക് കോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്.
ഇന്ത്യയിലെ ഏറ്റവും സന്പന്ന ബാങ്കറായ ഉദയ് കൊട്ടക്കിന്റെ ആവശ്യം ദാസ് അനുവദിക്കുമോ എന്നും എല്ലാവരും ഉറ്റുനോക്കുകയാണ്. രാഷ്ട്രീയതലത്തിൽ ഏറെ ഉന്നത ബന്ധങ്ങളുള്ള ഉദയ് കൊട്ടക്കിനു വേണ്ടിയാണു ധനമന്ത്രാലയം നിന്നിരുന്നത്.
ബന്ധൻ ബാങ്കിനു സമാന വിഷയം വന്നപ്പോൾ റിസർവ് ബാങ്ക് വഴങ്ങിയില്ല. അന്നും പട്ടേലായിരുന്നു ഗവർണർ. കൊട്ടക്കിന്റെ കാര്യം വന്നപ്പോൾ നിയമം എല്ലാവർക്കും ഒരുപോലെയാണെന്നു പട്ടേൽ നിലപാട് എടുത്തു. ഈ വിഷയത്തിൽ കൊട്ടക്കിനു പട്ടേൽ സന്ദർശനം പോലും അനുവദിച്ചില്ലെന്നു ശ്രുതിയുണ്ട്.
പലിശനിരക്ക് കുറയ്ക്കാൻ റീപോ നിരക്ക് താഴ്ത്തുക, ബാങ്കുകൾക്കു വായ്പ നല്കാൻ കൂടുതൽ പണം കിട്ടാവുന്ന വിധം കരുതൽ പണ അനുപാതം (സിആർആർ) കുറയ്ക്കുക എന്നിങ്ങനെയുള്ള ധനമന്ത്രാലയ നിലപാടുകൾ ശക്തികാന്ത ദാസ് സ്വീകരിക്കുമോ എന്നും ഉറ്റുനോക്കുകയാണു നിരീക്ഷകർ.
സർക്കാരിന്റെ വ്യവസായാനുകൂല നിലപാടിനു ദാസ് വഴങ്ങുമെന്ന പ്രതീക്ഷയിലാണു കന്പോളം. ഓഹരി സൂചികകൾ ഇന്നലെയും കയറി. സെൻസെക്സ് 150.57 പോയിന്റ് കൂടി 35,929.64ൽ ക്ലോസ് ചെയ്തു. ഒരിടയ്ക്കു 36,000 കടന്നതായിരുന്നു. നിഫ്റ്റി 53.95 പോയിന്റ് കയറി 10,791.55ൽ അവസാനിച്ചു. ഡോളറിന് ഇന്നലെ വില കുറഞ്ഞു. 71.68 രൂപയിലേക്കു ഡോളർ താണു. തലേന്നത്തേതിലും 33 പൈസ കുറവ്.