വിമാനത്താവളങ്ങളില്‍ യുഎസിലെ സുരക്ഷാ മാതൃകകള്‍ നടപ്പാക്കും
Tuesday, September 17, 2019 10:36 PM IST
നെടുമ്പാശേരി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ അമേരിക്കയിലെ പോലുള്ള സുരക്ഷാ മാതൃകകള്‍ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിനു കീഴിലെ ദ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും (ബിസിഎഎസ്) യുഎസ് ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനും (ടിഎസ്എ) തമ്മില്‍ ധാരണയായി. ആദ്യപടിയായി ബിസിഎഎസിന്റെ 50 ജീവനക്കാര്‍ക്കു ടിഎസ്എ പരിശീലനം ആരംഭിച്ചു.
വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരോടും ഒപ്പമുള്ളവരോടും സൗഹൃദം സ്ഥാപിച്ച് അവരറിയാതെ വിവരങ്ങള്‍ ശേഖരിക്കുകയാണു പുതിയ രീതിയുടെ ലക്ഷ്യം.
യാത്രക്കാരും സന്ദര്‍ശകരും കാത്തിരിക്കുന്നിടങ്ങളില് സിവില്‍ വേഷത്തിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ഇവര്‍ യാത്രക്കാരുമായി സൗഹൃദ സംഭാഷണത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കുകയാണു ചെയ്യുന്നത്.
സംശയകരമായി പെരുമാറുന്നവരെ കൂടുതൽ ചോദ്യം ചെയ്യലിനു വിധേയമാക്കും. വിമാനത്താവളങ്ങളിലെ ജീവനക്കാരെയും പ്രത്യേകം നിരീക്ഷിക്കും. ഒരു വിഭാഗത്തിലെ ജീവനക്കാര്‍ മറ്റു വിഭാഗങ്ങളില്‍ ഉള്ളവരുമായി ഇടകലരുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും.
മെറ്റല്‍ ഡിറ്റക്ടറിനു പകരം ശരീരം മുഴുവന്‍ സ്കാന്‍ ചെയ്യാന്‍ സഹായിക്കുന്ന യന്ത്രവാതില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ നെടുന്പാശേരിയിൽ ആരംഭിച്ചു. ഇങ്ങനെ കടന്നുപോകുന്നവരില്‍ 10 ശതമാനത്തെ വിശദപരിശോധനയ്ക്കു വിധേയരാക്കും.
14 കോടി യാത്രക്കാരാണ് രാജ്യത്തെ വിമാനത്താവളങ്ങൾ വഴി കഴിഞ്ഞവർഷം കടന്നുപോയത്.