എസ്ബിഐ കാർഡ്സ് ഇഷ്യു മാർച്ച് രണ്ടിന്
Thursday, February 20, 2020 11:23 PM IST
മുംബൈ: എസ്ബിഐ കാർഡ്സ് ആൻഡ് പേമെന്റ് സർവീസസ് ഓഹരി ഇഷ്യു രണ്ടു മുതൽ. മാർച്ച് അഞ്ചിനു ക്ലോസ് ചെയ്യും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപകന്പനിയാണ് എസ്ബിഐ കാർഡ്സ്. ക്രെഡിറ്റ് കാർഡ് വില്പനയിൽ രാജ്യത്തു രണ്ടാം സ്ഥാനം കന്പനിക്കുണ്ട്. 9500 കോടി രൂപ ഈ ഓഹരിവില്പനവഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്നു.
കന്പനി 500 കോടി രൂപയ്ക്കുള്ള പുതിയ ഓഹരി വില്ക്കും. നിലവിലെ ഓഹരി ഉടമകൾ 13.05 കോടി ഓഹരികൾ വില്പനയ്ക്കിറക്കുകയും ചെയ്യും.
എസ്ബിഐ 3.73 കോടി ഓഹരി (നാലു ശതമാനം ഓഹരി)യും പ്രൈവറ്റ് ഇക്വിറ്റിയായ കാർളൈൽ 9.32 കോടി (10 ശതമാനം) ഓഹരിയും വില്പനയ്ക്കിറക്കും.
എസ്ബിഐക്കു 2500 കോടിയും കാർളൈലിന് 6500 കോടിയും കിട്ടുമെന്നു കരുതുന്നു. 2017 ജൂലൈയിൽ 2000 കോടി രൂപയ്ക്ക് എസ്ബിഐ കാർഡ്സിന്റെ 26 ശതമാനം ഓഹരി വാങ്ങിയ കാർളൈലിന് ഇതു ഭാഗ്യക്കുറി പോലെയാണ്. 32 മാസം കഴിയുന്പോൾ 6500 കോടി രൂപയും 16 ശതമാനം ഓഹരിയും കൈയിലിരിക്കും.