റീബോക്ക് വിറ്റൊഴിയാൻ അഡിഡാസ്
Thursday, October 22, 2020 11:55 PM IST
വാഷിംഗ്ടൺ ഡിസി: ജർമൻ സ്പോർട്സ് വെയർ കന്പനിയായ അഡിഡാസ് തങ്ങളുടെ ഉപവിഭാഗമായ റീബോക്ക് വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത വർഷം മാർച്ചോടെ വില്പനനടപടികൾ പൂർത്തിയാക്കാനാണു പദ്ധതി. അമേരിക്കൻ കന്പനിയായ വിഎഫ് കോർപറേഷൻ, ചൈനീസ് കന്പനിയായ അന്റ സ്പോർട്ട്സ് തുടങ്ങിയവയ്ക്ക് റീബോക്കിൽ നോട്ടമുണ്ടെന്നാണ് വിവരം.
വിൽപ്പന വാർത്ത പുറത്തുവന്നതോടെ അഡിഡാസിന്റെ ഓഹരിവിലയിൽ 3.5 ശതമാനം വർധനയുണ്ടായി. സാന്പത്തിക പ്രതിസന്ധിയിലായ റീബോക്കിന്റെ ബിസിനസ് വിറ്റൊഴിയണമെന്നുള്ളത് അഡിഡാസിലെ നിക്ഷേപകരുടെ ദീർഘനാളായുള്ള ആവശ്യമാണ്.
380 കോടി ഡോളർ മുടക്കി 2005ലാണ് അഡിഡാസ്, റീബോക്ക് സ്വന്തമാക്കുന്നത്. തങ്ങളുടെ മുഖ്യ എതിരാളിയായ നൈക്കിയെ അമേരിക്കയിൽ റീബോക്കിന്റെ സഹായത്തോടെ നേരിടുകയായിരുന്നു അഡിഡാസിന്റെ ലക്ഷ്യം.