ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുത്തു; വിപണികൾ ശാന്തം
Monday, March 20, 2023 11:40 PM IST
ന്യൂയോർക്ക്/ജനീവ: കുഴപ്പത്തിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് ഏറ്റെടുത്തു. സ്വിസ് ഗവണ്മെന്റും വിവിധ കേന്ദ്ര ബാങ്കുകളും ഇടപെട്ട ചർച്ചകൾക്കൊടുവിൽ 323 കോടി ഡോളറിനാണ് ഏറ്റെടുക്കൽ. ഇതേ തുടർന്നു യൂറോപ്യൻ ഓഹരി വിപണികൾ നേട്ടത്തിലായി.
എന്നാൽ അമേരിക്കയിൽ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ ഓഹരികൾ ഇന്നലെ ഫ്യൂച്ചേഴ്സ് വിപണിയിൽ 20 ശതമാനം ഇടിഞ്ഞു. മറ്റു 11 വലിയ ബാങ്കുകൾ റിപ്പബ്ലിക്കിൽ 3000 കോടി ഡോളർ നിക്ഷേപിച്ച ശേഷവും ഇടിഞ്ഞത് ആശങ്ക പടർത്തി. കഴിഞ്ഞ 10 ദിവസം കൊണ്ട് ബാങ്കിന്റെ മൂല്യം 82 ശതമാനം ഇടിഞ്ഞിരുന്നു. ഈ ബാങ്കിനെച്ചൊല്ലി ആശങ്ക വളരുന്നത് യുഎസ് ഓഹരി വിപണി തുടക്കത്തിൽ താഴാൻ കാരണമായി. പിന്നീടു വിപണി കയറി.
ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവ് (ഫെഡ്) പലിശ തീരുമാനം പ്രഖ്യാപിക്കും വരെ വിപണിയിൽ ചാഞ്ചാട്ടം തുടരും എന്നാണു നിഗമനം. യുഎസിൽ 170 ലധികം ഇടത്തരം ബാങ്കുകൾ പ്രശ്നത്തിലാണെന്ന റിപ്പോർട്ടും ആശങ്ക വളർത്തുന്നുണ്ട്.
ആദ്യം 100 കോടി ഡോളറിന് എതിരാളിയെ വാങ്ങാനാണ് യുബിഎസ് ശ്രമിച്ചത്. ഏറ്റെടുക്കലിൽ വരാവുന്ന 540 കോടി ഡോളർ നഷ്ടം ക്രെഡിറ്റ് സ്വീസിന്റെ വിപണിമൂല്യമായ 863 കോടി ഡോളറിൽനിന്നു കുറച്ചശേഷമുള്ള വിലയാണ് ഓഹരിയായി നൽകുന്നത്. ക്രെഡിറ്റ് സ്വീസിന്റെ 22.48 ഓഹരികൾക്ക് യുബിഎസിന്റെ ഒരോഹരി കിട്ടും.കഴിഞ്ഞ വെള്ളിയാഴ്ച 1.86 സ്വിസ് ഫ്രാങ്ക് വില ഉണ്ടായിരുന്ന ക്രെഡിറ്റ് സ്വീസ് ഓഹരി ഒന്നിന് 0.76 ഫ്രാങ്ക് ആണു യുബിഎസ് വിലയിട്ടത്. 900 കോടി സ്വിസ് ഫ്രാങ്ക് (972 കോടി ഡോളർ) നഷ്ടം സ്വിസ് ഗവണ്മെന്റ് വഹിക്കും.
ഓഹരിക്കു സമാനമായി പരിഗണിക്കുന്ന 1700 കോടി ഡോളർ അഡീഷണൽ ടിയർ വൺ (എടി -1) കടപ്പത്രങ്ങൾ ക്രെഡിറ്റ് സ്വീസ് വിറ്റിരുന്നു. അവ എഴുതിത്തള്ളി. അവയിൽ നിക്ഷേപിച്ചവർക്ക് ഒന്നും കിട്ടില്ല. കടപ്പത്ര നിക്ഷേപകർ രോഷാകുലരാണ്. ഭാവിയിൽ മറ്റു ബാങ്കുകൾക്ക് എടി-1 കടപ്പത്രങ്ങൾ വിൽക്കുക പ്രയാസമാകും എന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ക്രെഡിറ്റ് സ്വീസിൽ കഴിഞ്ഞ നവംബർ ആദ്യം 150 കോടി ഡോളർ ഓഹരി എടുത്ത സൗദി നാഷണൽ ബാങ്കിന് 120 കോടി ഡോളർ നഷ്ടമായി. സൗദി ബാങ്ക് തലവൻ ഇനി ഓഹരി വാങ്ങാനില്ല എന്നു പറഞ്ഞതാണ് ബാങ്ക് തകർച്ച വേഗമാകാൻ കാരണം.
ഖത്തർ, നോർവേ എന്നീ രാജ്യങ്ങളുടെ നിക്ഷേപ നിധികൾക്കും ക്രെഡിറ്റ് സ്വീസിലെ നിക്ഷേപം ശതകാേടികളുടെ നഷ്ടം വരുത്തി. ക്രെഡിറ്റ് സ്വീസ് ഓഹരികൾ ഇന്നലെ 60 ശതമാനം ഇടിഞ്ഞ് 1.1സ്വിസ് ഫ്രാങ്ക് ആയി. യുബിഎസ് ഓഹരി അഞ്ചു ശതമാനം താണു.