ക്വിന്റിന്റെ 49 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കി
Wednesday, March 29, 2023 11:31 PM IST
ന്യൂഡൽഹി: മാധ്യമരംഗത്ത് കൂടുതൽ നിക്ഷേപവുമായി ഗൗതം അദാനി. അദാനി എന്റർപ്രൈസസിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച് അദാനിയുടെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വർക്സ് രാഘവ് ബഹലിന്റെ നേതൃത്വത്തിലുള്ള ഡിജിറ്റൽ ബിസിനസ് ന്യൂസ് പ്ലാറ്റ്ഫോമായ ക്വിന്റില്യണ് ബിസിനസ് മീഡിയയുടെ ഏകദേശം 49 ശതമാനം ഓഹരികൾ 47.84 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത് പൂർത്തിയാക്കി.
കഴിഞ്ഞ വർഷം മേയിൽ പ്രഖ്യാപിച്ച ഏറ്റെടുക്കൽ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ക്വിന്റില്യണ് ബിസിനസ് മീഡിയ നടത്തുന്ന മാധ്യമസ്ഥാപനമാണ് ബ്ലൂംബെർഗ് ക്വിന്റ്. ഇത് നിലവിൽ ബിക്യു പ്രൈം എന്നാണറിയപ്പെടുന്നത്.
മുതിർന്ന മാധ്യമപ്രവർത്തകനായ സഞ്ജയ് പഗാലിയയാണ് അദാനി മീഡിയ വെഞ്ചേഴ്സിനെ നയിക്കുന്നത്. 2021 സെപ്റ്റംബറിലാണ് സഞ്ജയ് അദാനി മീഡിയ വെഞ്ചേഴ്സിന്റെ നേതൃസ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ വർഷം എൻഡിടിവിയുടെ 27.26 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർ ഡിസംബർ 30 ന് ഡയറക്ടർ സ്ഥാനമൊഴിയുകയും ചെയ്തിരുന്നു. മാധ്യമ സംരംഭത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള അദാനിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരു സ്ഥാപനം റെയ്ഡ് ചെയ്യപ്പെടുന്പോഴെല്ലാം അത് അദാനി വാങ്ങുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.