ഫണ്ടുകൾ രണ്ടും കൽപ്പിച്ച്; പ്രതീക്ഷ ബജറ്റിൽ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, July 15, 2024 1:03 AM IST
ഫണ്ടുകൾ രണ്ടും കൽപ്പിച്ചാണ്. നിഫ്റ്റിയെ 25,000ലേക്കു കൈപിടിച്ചുയർത്താനുള്ള ശ്രമത്തിനിടെ, വിപണി ഓവർബോട്ടായെങ്കിലും വാങ്ങൽ താത്പര്യം കുറഞ്ഞില്ല. ബജറ്റ് പ്രതീക്ഷകൾതന്നെയാണ് കനത്ത നിക്ഷേപത്തിന് അവരെ പ്രേരിപ്പിക്കുന്നത്. മറുവശത്തു വിപണിയുടെ സാങ്കേതിക വശങ്ങൾ പുൾ ബാക്ക് റാലിക്കുള്ള അണിയറനീക്കത്തിലാണ്. അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരേയുണ്ടായ ആക്രമണം ആഗോള ഓഹരി സൂചികകളിൽ ഇന്നു ചലനമുളവാക്കാം.
അമേരിക്കയിൽ ഡൗ ജോണ്‍സ് സൂചിക ചരിത്രത്തിലാദ്യമായി 40,000 പോയിന്റ് കടന്ന ആവേശത്തിലെങ്കിലും സാങ്കേതികമായി ഓവർബോട്ടാണ്. പ്രാദേശിക നിക്ഷേപകർ കരുതലോടെ നീക്കങ്ങൾ നടത്തേണ്ട സന്ദർഭമാണ്. ബോംബെ സെൻസെക്സ് 522 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 178 പോയിന്റ് പ്രതിവാര മികവിലുമാണ്. വിപണി തുടർച്ചയായ ആറാം വാരമാണ് കരുത്ത് നിലനിർത്തുന്നത്; ഏഴു മാസത്തിനിടെ ഇത്തരം ഒരു റാലി ആദ്യം.
തിരുത്തൽ സാധ്യത
ഹ്രസ്വകാലയളവിലേക്കു വീക്ഷിച്ചാൽ സെൻസെക്സും നിഫ്റ്റിയും ബുള്ളിഷ് മൂഡിലെങ്കിലും സാങ്കേതിക പ്രതിരോധങ്ങൾ തലയുയർത്തുന്നതിനാൽ തിരുത്തൽ സാധ്യത മുന്നിൽക്കണ്ട് പ്രാദേശിക ഇടപാടുകാർ നീക്കം നടത്തുന്നതാകും അഭികാമ്യം. റിക്കാർഡ് ഉയരത്തിൽ നീങ്ങുന്നതിനാൽ തിരുത്തലിന് ആക്കം വർധിക്കാം.
നിഫ്റ്റി ബൈയർമാരുടെ സജീവസാന്നിധ്യത്തിൽ 24,386ൽനിന്ന് 24,582 വരെ ഉയർന്നശേഷം 24,529ലാണ്. വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റ് 157.7 ലക്ഷം കരാറുകളിൽനിന്ന് 160.4 ലക്ഷമായി ഉയർന്നതു കണക്കിലെടുത്താൽ 24,250ലെ സപ്പോർട്ട് നിലനിർത്തി 24,750-25,000നെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കാം.
നിഫ്റ്റി നേട്ടം നിലനിർത്തുമെന്ന പ്രതീക്ഷയിലാണു വാരാന്ത്യം ഇടപാടുകാർ രംഗംവിട്ടത്. മുൻവാരത്തിലെ 24,323ൽനിന്നു വാരമധ്യം 24,172 റേഞ്ചിലേക്കു താഴ്ന്നതിനിടെ, പുതിയ നിക്ഷേപങ്ങൾക്ക് ഓപ്പറേറ്റർമാർ അവസരം കണ്ടെത്തി. ഇതോടെ തിരിച്ചുവരവിൽ 24,401ലെ റിക്കാർഡ് തകർത്ത് 24,592.20 വരെ കയറിയശേഷം ക്ലോസിംഗിൽ 24,502ലാണ്. സൂചികയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 24,672ൽ ആദ്യ പ്രതിരോധം തലയുയർത്താം. ഇതു മറികടക്കുക അല്പം ശ്രമകരമെങ്കിലും, അതിനു സാധിച്ചാല്‍ 24,842നെ ഉറ്റുനോക്കാം. തിരുത്തൽ സംഭവിച്ചാൽ 24,252-24,002ൽ താങ്ങുണ്ട്.
പുൾ ബാക്ക് റാലി
വിപണിയുടെ പ്രതിദിനചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പരാബൊളിക്, ബുള്ളിഷ് മൂഡിലെങ്കിലും എംഎസിഡി പുൾ ബാക്ക് റാലിക്കുള്ള സാധ്യതകളിലേക്കാണു വിരൽചൂണ്ടുന്നത്. മറ്റു പല സൂചികകളും ഓവർബോട്ടായി നീങ്ങുന്നതും തിരുത്തലിനിടയാക്കാം.
ബോംബെ സെൻസെക്സ് 79,996ൽനിന്ന് 80,392 റിക്കാർഡ് തകർത്ത് 80,893.51 വരെ മുന്നേറി, മാർക്കറ്റ് ക്ലോസിംഗിൽ 80,519 പോയിന്റിലാണ്. വിപണി ചരിത്രത്തിൽ ആദ്യമായാണ് 80,000നു മുകളിൽ വാരാന്ത്യ ക്ലോസിംഗിന് അവസരം ലഭിക്കുന്നത്. ഈ വാരം സൂചിക 81,113 പോയിന്റിനെയാണ് ലക്ഷ്യമാക്കുന്നത്, ഈ പ്രതിരോധം തകർന്നാൽ 81,707ലേക്കു കയറാം. വിദേശത്തുനിന്നു പ്രതികൂല വാർത്തകളുണ്ടായാൽ സൂചിക 79704-78889ലെ താങ്ങിൽ പരീക്ഷണങ്ങൾ നടത്താം.
വിദേശ ഓപ്പറേറ്റർമാർ 4981 കോടി രൂപയുടെ വാങ്ങലും 1137 കോടി രൂപയുടെ വില്പനയും കഴിഞ്ഞവാരം നടത്തി. ആഭ്യന്തരഫണ്ടുകളാകട്ടെ 7041 കോടി രൂപയുടെ നിക്ഷേപത്തിനും 1651 കോടി രൂപയുടെ വില്പനയ്ക്കും മുതിർന്നു. വിദേശഫണ്ടുകൾ ഈ വർഷം 1.40 ലക്ഷം കോടി രൂപ നിക്ഷേപിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 2.41 ലക്ഷം കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ ദുർബലം
വിനിമയ വിപണിയിൽ രൂപ 83.49ൽനിന്ന് 83.54ലേക്കു ദുർബലമായി. രൂപ കരുത്തുനേടിയാൽ 83.10ലേക്കു മെച്ചപ്പെടും; ദുർബലമായാൽ 83.70-83.80 റേഞ്ചിലേക്കു നീങ്ങാം.
അന്താരാഷ്ട്ര സ്വർണ വില മുൻവാരം സൂചിപ്പിച്ച 2400 ഡോളർ മറികടന്നു. 2388ൽനിന്ന് 2424 ഡോളർ വരെ ഉയർന്നശേഷം 2410ലാണ്. നിലവിൽ 2434 ഡോളറിലെ പ്രതിരോധം തകർത്താൽ 2454 വരെ ഉയരാനുള്ള കരുത്ത് വിപണിക്കുണ്ട്.