ഹർഡിൽസിൽ സ്വർണം നേടിയ സിസ്റ്റർ സബീനയ്ക്ക് മന്ത്രിയുടെ പ്രശംസ
Thursday, October 23, 2025 2:05 AM IST
കൽപ്പറ്റ: സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങിയ സിസ്റ്റർ സബീനയ്ക്ക് അഭിനന്ദനപ്രവാഹം. 55 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ഹർഡിൽസിൽ പങ്കെടുത്ത് സ്വർണം കരസ്ഥമാക്കിയാണ് സിസ്റ്റർ സബീന മേളയിൽ താരമായത്.
വാർത്തയും ചിത്രങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞതോടെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും സിസ്റ്ററെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ച് അഭിനന്ദിച്ചു.
‘സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ ഹർഡിൽസിൽ സ്വർണം നേടിയ സിസ്റ്റർ സബീനയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മാനന്തവാടി ദ്വാരക എയുപി സ്കൂളിലെ കായിക അധ്യാപികയായ സിസ്റ്ററുടെ ഈ നേട്ടം വിദ്യാഭ്യാസ വകുപ്പിന് തന്നെ അഭിമാനകരമാണ്.
55 വയസ് പിന്നിട്ടിട്ടും തന്റെ കന്യാസ്ത്രീ വേഷത്തിൽ മത്സരത്തിനിറങ്ങി നേടിയ ഈ വിജയം ഇച്ഛാശക്തിയുടെ പ്രതീകമാണ്. പ്രായമോ സാഹചര്യങ്ങളോ ഒരു ലക്ഷ്യത്തിനും തടസമല്ലെന്ന് സിസ്റ്റർ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുന്നു.
തന്റെ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രചോദനമാണ് ഈ അധ്യാപികയുടെ അർപ്പണബോധം. സിസ്റ്റർ സബീനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
കോളജ് പഠനകാലത്ത് യൂണിവേഴ്സിറ്റി മത്സരങ്ങളിലും മെഡൽ നേടിയിട്ടുള്ള സിസ്റ്റർ സബീന ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയും ഹർഡിൽസിൽ മുൻ ദേശീയതാരവുമാണ്.
കാസർഗോഡ് എണ്ണപ്പാറ സ്വദേശിയായ സിസ്റ്റർ ആരാധനമഠം ദ്വാരക പ്രൊവിൻഷ്യൽ ഹൗസിലെ അംഗമാണ്.