അത്ലറ്റിക്സ് പോരാട്ടങ്ങൾ ഇന്നു മുതൽ
Thursday, October 23, 2025 2:05 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: കായിക ലഹരിയോടുള്ള അടങ്ങാത്ത ആവേശവും, തുടര്‍ച്ചയായി നടത്തിയ പരിശീലനത്തില്‍ കടഞ്ഞെടുത്ത പോരാട്ടവീര്യവും സമന്വയിപ്പിച്ച് കൗമാര കേരളത്തിന്റെ കായികപതിപ്പ് ഇന്നു ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലിറങ്ങുമ്പോള്‍ തുലാമഴയ്ക്കൊപ്പം വന്നടിക്കുന്ന ഇടിമുഴക്കത്തിനുമപ്പുറമുള്ള പെരുമ്പറ മുഴക്കമായി മാറും.
സംസ്ഥാന സ്കൂള്‍ കായിക മാമാങ്കത്തിന്റെ മുഖമായ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഇന്നു തുടക്കമാകും.
രാവിലെ ഏഴിന് നടക്കുന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തോടെയാണ് ട്രാക്ക് ഇനങ്ങള്‍ ആരംഭിക്കുക. ആദ്യ ദിനത്തില്‍ 10 ഫൈനലുകാളാണുള്ളത്.
ട്രാക്കില്‍ പതിറ്റാണ്ടുകളോളം ആധിപത്യം പുലര്‍ത്തി കായികേരളത്തിന്റെ അശ്വമേധമായിരുന്ന കോരുത്തോടും അതിനുശേഷം അരങ്ങുവാണ കോതമംഗലവും അവിടെ നിന്ന് പാലക്കാട്ടേക്കും പോയ അത്ലറ്റിക് ചാമ്പ്യന്‍ പട്ടം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് മലപ്പുത്താണ്.
അത്ലറ്റിക്സില് ജനറല്‍ സ്കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തു തുടരുന്ന മലപ്പുറം കടകശേരി ഐഡിയലും ശക്തമായ പോരാട്ടം നടത്തിയ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസും, പാലക്കാടിന്റെ കുതിപ്പുകള്‍ക്ക് മുന്നണിപ്പോരാളികളായ പറളിയും മുണ്ടൂരും, കോതമംഗലത്തിന്റെ കുതിപ്പിന് ശക്തിപകരാനായി മാര്‍ ബേസിലും ട്രാക്കിലിറങ്ങുമ്പോള്‍ പോരാട്ടവീര്യമേറും. സ്പോര്‍ട്സ് സ്കൂളുകളില്‍ ജിവിരാജയും സായ് സ്പോര്‍ട്സ് സെന്ററുകളും അയ്യങ്കാളി സ്പോര്‍ട് സ്കൂളുമെല്ലാം കൈ മെയ് മറന്നുള്ള പോരാട്ടത്തിയാവും ട്രാക്കിലെത്തുക.
കപ്പ് നിലനിർത്താൻ ഐഡിയല്‍
അത്ലറ്റിക്സില് മലപ്പുറത്തെ കഴിഞ്ഞ വര്‍ഷം ചാമ്പ്യന്മാരാക്കാന് മുന്നില്‍ നിന്നു പൊരുതിയത് കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളായിരുന്നു. 22 സ്വര്‍ണം ഉള്‍പ്പെട 247 പോയിന്റുമായി മലപ്പുറം ചാമ്പ്യന്മാരായപ്പോള് ഐഡിയല്‍ സ്്കൂളിന്റെ സംഭാവന എട്ടു സ്വര്‍ണവും 11 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 80 പോയിന്റ്. കൊച്ചി മീറ്റില്‍ അത്ലറ്റിക്സില് ഏറ്റവും കൂടുതല്‍ പോയിന്റ് സ്വന്തമാക്കിയ ജനറല്‍ സ്കൂളും കടകശേരിയായിരുന്നു. ഇത്തവണ എത്തുന്ന 50 അംഗ സംഘത്തില്‍ നിറഞ്ഞ മെഡല്‍ പ്രതീക്ഷയാണ് പരിശീലകര്‍ക്ക്.
സീനിയര്‍ വിഭാഗത്തില്‍ ജെഫ്രിന്‍, പി.കെ. സുനീഷ്, റൊണാള്‍ഡ് പി. ജോയ്, മുഷ്താഖ്, ആദില്‍, മിന്‍സാര പ്രസാദ്, സൂസന് മേരി കുര്യാക്കോസ്, മുഹമ്മദ് സുല്‍ത്താന്‍ ഇവരിലെല്ലാം സുവര്‍ണ പ്രതീക്ഷ പരിശീലകര്വച്ചുപുലര്ത്തുന്നു.
പോരാട്ടരംഗത്ത് ഇവരും
സ്കൂള്‍ കായികമേളയില്‍ വര്‍ഷങ്ങളായി പാലക്കാടിനു കരുത്തായി മാറിയ രണ്ടു സ്കൂളുകളാണ് പറളി എച്ച്എസ്എസും മുണ്ടൂര്‍ എച്ച്എസ്എസും. മനോജ് എന്ന കായികാധ്യാപകനിലൂടെ അഫ്സലെന്ന ഇന്റര്‍നാഷണല്‍ താരത്തെ പറളി കായിക കേരളത്തിനു സമ്മാനിച്ചപ്പോള്‍, ദീര്‍ഘദൂര ഇനങ്ങളില്‍ സ്കൂള്‍ കായികമേളകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ഇന്ത്യന്‍ കായികരംഗത്ത് ശക്തയായി മാറിയ പി.യു. ചിത്രയെന്ന കായികതാരത്തെ സമ്മാനിച്ചത് മുണ്ടൂര്‍ എച്ച്എസ്.
13 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും അടക്കം 23 പേരാണ് പറളി സ്കൂളില്‍ നിന്നും സംസ്ഥാന മീറ്റിലെത്തുന്നത്. 26 പേരുമായാണ് മുണ്ടൂര്‍ എച്ചഎസ്എസിന്റെ വരവ്.
സംസ്ഥാന സ്കൂൾ മീറ്റില്‍ ചാമ്പ്യന്‍ പട്ടം ചാര്‍ത്തിയിട്ടുള്ള സ്കൂളുകളില്‍ ഒന്നായ കോതമംഗലം മാര്‍ ബേസിലില്നിന്നും ഇത്തവണ 18 പെണ്‍കുട്ടികളും 17 ആണ്‍കുട്ടികളും ഉള്‍പ്പെടെ 35 അംഗ സംഘവുമാണ് മത്സരത്തിനെത്തുന്നത്.
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കാം.
ഇന്ന് 100 മീറ്റർ ഉൾപ്പെടെ 10 ഫൈനൽ
അത്ലറ്റിക്സില് ആദ്യ ദിനം 10 ഫൈനലുകളാണ് നടത്തുന്നത്. രാവിലെ ഏഴിന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടം. തുടര്‍ന്ന് ഇതേ വിഭാഗത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടേയും ജൂണിയര്‍ ആണ്-പെണ്മത്സരങ്ങള് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടക്കും.
മീറ്റിലെ വേഗതാരങ്ങളെ നിശ്ചയിക്കുന്ന 100 മീറ്റര്‍ ഫൈനല്‍ വൈകുന്നേരം 5.30 ആരംഭിക്കും. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ കലാശപ്പോരാട്ടത്തോടെയാണ് ഫൈനല്‍ മത്സരങ്ങള്‍ സമാപിക്കുക.