കാന്‍സറിനെ അതിജീവിച്ച സുവർണ ആദര്‍ശ്
Thursday, October 23, 2025 2:05 AM IST
തിരുവനന്തപുരം: കാന്‍സര്‍ ബാധിച്ച് ഒരുകണ്ണിനുകാഴ്ച നഷ്ടപ്പെട്ടിട്ടും ആദര്‍ശ് തളര്‍ന്നില്ല. ആദര്‍ശിന് ഇന്നലെ അതി ജീവനത്തിന്റെ പോരാട്ടം കൂടിയായിരുന്നു.
കായികമേളയില്‍ സ്വര്‍ണം നേടിയെടുത്താണ് ആദര്‍ശ് കാന്‍സറിനെ അതിജീവിച്ചതും ഒപ്പം തന്റെഅമ്മയ്ക്കുള്ള സ്നേഹസമ്മാനം നല്കിയതും. ഇന്‍ക്ലൂസീവ് അത്ലറ്റിക്സിലെ 400 മീറ്റര്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ പാലക്കാട് ടീമിലെ അംഗമാണ് ചെമ്പ്ര സിയുപി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്.
2016ല്കാന്സര് ബാധിതനായ ആദര്‍ശിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കണ്ണിന്റെ കാഴ്ച നഷ്്ടപ്പെട്ടിട്ടും ആദര്‍ശ് തളര്‍ന്നില്ല. കാന്‍സര്‍ അതിജീവിച്ചതോടെ കായികലോകത്തോടുള്ള തന്റെ ഇഷ്ടം തന്റെ അതിജീവനപോരാട്ടമായി തെരഞ്ഞെടുത്തു.
പള്ളിപ്പുറം സിപിഎച്ച്എസ്എസിലെ അധ്യാപിക കൂടിയായ അമ്മ പ്രിയ മകന്റെ ഓട്ട മത്സരത്തോടുള്ള താത്പര്യംകണ്ട് അവനോടൊപ്പം ചേരുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തതോടെ ആദര്‍ശിന്റെ അതിജീവനപോരാട്ടം വിജയത്തിലെത്തി. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരം കാണാന്‍ അമ്മ പ്രിയയുമുണ്ടായിരുന്നു. ഒന്നാമതായി വിജയിച്ചെത്തിയ ആദര്‍ശിന് അമ്മ പ്രിയയുടെ വകയായി സ്നേഹ മുത്തവും ലഭിച്ചു.