ഇന്‍ക്ലൂസീവ് 100 മീറ്ററിൽ പാലക്കാടൻ കുതിപ്പ്
Thursday, October 23, 2025 2:05 AM IST
തിരുവനന്തപുരം: പരിമിതികളും അതിരുകളും മാറ്റിവച്ച് അവര്‍ ശരവേഗത്തില്‍ പാഞ്ഞു. റണ്ണര്‍ ഗൈഡിനൊപ്പം കൈചേര്‍ത്തു പിടിച്ച് ട്രാക്കിലൂടെ അവര്‍ കുതിച്ചു.
ഇന്‍ക്ലൂസീവ് സ്പോര്‍ട്സിലെ 100 മീറ്റര്‍ മത്സരത്തില്‍ പാക്കാടന്‍ കുതിപ്പ്. 14 വയസിനു മുകളിലുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും 14 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിലും പാലക്കാട് ജില്ലയിലെ കുട്ടികള്‍ വേഗതാരങ്ങളായി
14വയസിനു മുകളിലുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ മുഹമ്മദ് ഉസൈന്‍ ഇതു രണ്ടാം സ്വര്‍ണം. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന കായികമേളയിലും ഈ വിഭാഗത്തില്‍ മുഹമ്മദിനായിരുന്നു സ്വര്‍ണം.
പട്ടാമ്പി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മുഹമ്മദ്. മുഹമ്മദിനൊപ്പം റണ്ണര്‍ ഗൈഡായി ഓടിയത് ആകലല്ലൂര് ഗവണ്മെന്റ് ഹൈസ്കൂളിലെ കെ.പി.അഭിനവായിരുന്നു.ഗ്വാളിയാറില്‍ നടന്ന പ്യാരി ഒളിമ്പിക്സില്‍ 200 മീറ്ററിലും മുഹമ്മദ് സ്വര്‍ണം നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് തിരുപാലത്തൂര് ഗവണ്മെന്റ് വിഎച്ച്എസിലെ കെ.അനിഷക്കാണ് സ്വര്‍ണം. മുതലമട ഗവണ്മെന്റ് സ്കൂളിലെ ആര്. അനുഷ്ക റണ്ണര്‍ ഗൈഡായി.
14വയസില്‍ താഴെയുളള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെമ്പ്ര സിയുപിഎസിലെ എം.ടി.ആദര്‍ശ് സ്വര്‍ണം നേടി. മുതലമട ഗവണ്മന്റ് സ്കൂളിലെ മുഹമ്മദ് അസ്ലമാമായിരുന്നു ആദര്‍ശിന്റെ റണ്ണര്‍ ഗൈഡ്.