ദിയ മടങ്ങി, സന്തോഷത്തോടെ...
Thursday, October 23, 2025 2:05 AM IST
തിരുവനന്തപുരം: ബോച്ചേ മത്സരം.. ഇത്തവണത്തെ കായികമേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗത്തിലുള്ളവര്‍ക്കായി ബോച്ചേ മത്സരമുണ്ടെന്ന് അറിഞ്ഞതോടെ കാസര്‍ഗോഡ് ബല്ലാ ഇസ്റ്റ് സ്കൂളിലെ ദിയ പി. നമ്പ്യാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം.
അമ്മ റോഷ്നി മകളുടെ അഗ്രഹം സാധിച്ചു കൊടുത്തു. മത്സരത്തിന്റെ നിയമവശങ്ങളെല്ലാം മനസിലാക്കി ബിആര്‍സിയില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ പരിശീലനവും നല്കി. ജന്മനാ സെറിബ്രല്‍ പാള്‍സി അസുഖം ബാധിച്ച ദിയയുടെ ഇടതു കാലിനും കൈയ്ക്കും ചലന ശേഷിയില്ല.
അമ്മ റോഷ്നിയോടും വല്യമ്മ മാലതിയോടും സഹോദരന് സായിക്കിനോടുമൊപ്പമാണ് തിരുവനന്തപുരത്ത് എത്തിയത്. നേരിയ പോയിന്റ് വ്യത്യാസത്തില്‍ വിജയം നഷ്ടമായെങ്കിലും ദിയയുടെ മികവ് കാണികള്ക്ക്ആവേശമായി. സിവില്‍ സര്‍വീസ് പാസാകണമെന്നാണ് ദിയയുടെ ആഗ്രഹം.