കണ്ണൂര്‍: ആര്‍എസ്എസും ബിജെപിയും ഫാസിസ്റ്റുകളാണെന്ന കാര്യത്തില്‍ കമ്യൂണിസ്റ്റ് പാർട്ടിക്ക് സംശയമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ഇല്ലാതാക്കുന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചവരാണ് ആര്‍എസ്എസ്. അവരുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി.അതുകൊണ്ട് തന്നെ ഇവര്‍ ഫാസിസ്റ്റാണോ അതല്ല അര്‍ധ ഫാസിസ്റ്റാണോ എന്ന് തങ്ങള്‍ക്ക് സംശയമൊന്നുമില്ല. അവര്‍ ഫാസിസ്റ്റ് തന്നെയാണ്. സംശയമുള്ളവര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ വായിച്ച് നോക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏത് പള്ളി പൊളിക്കണം എത് അമ്പലം പുതുക്കണം എന്നതാണ് ബിജെപി ലക്ഷ്യം. ഇന്നത്തെ മുഖ്യമായ രാഷ്ട്രീയ കടമ ഫാസിസത്തെ ചെറുക്കുകയും അധികാരത്തില്‍ നിന്ന് താഴെയിറക്കുകയുമാണ്. ആര്‍എസ്എസിന്റെ ഭാരത്മാതാ വാദം പച്ചക്കള്ളമാണ്. ആര്‍എസ്എസിന്റെ ആശയങ്ങളൊന്നും അവരുടേതല്ല.
അവര്‍ക്ക് വഴി കാണിച്ചത്. മുസോളിനിയും ഹിറ്റ്ലറുമാണ്. ഭരണഘടനയില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന് ആര്‍എസ്എസും ബിജെപിയും ഇന്ന് ഉറക്കെ പറയാന്‍ തുടങ്ങിയത് രാജ്യം ജാഗ്രതയോടെ കാണണം.
സിപിഐ ചര്‍ച്ചകളെ വിലക്കുന്ന പാര്‍ട്ടിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി ഘടകത്തില്‍ ഏത് സഖാവിനും അഭിപ്രായം പറയാം. അതാണ് വേണ്ട രീതി. വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കകത്ത് പറയണം. അങ്ങനെയുള്ള ചര്‍ച്ചകള്‍ സാധ്യമായിരിക്കെ അങ്ങാടിയില്‍ പറയുന്നത് പാര്‍ട്ടിക്കകത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ വേണ്ടിയാകരുത്. ശത്രുക്കള്‍ക്ക് അവസരമുണ്ടാക്കാനാണ് അത്തരം പരസ്യവിമര്‍ശനം സഹായകമാകുക.
സമൂഹമാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില്‍ മെംബര്‍ഷിപ്പ് കുറഞ്ഞുവെന്നാണ് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത. മെംബര്‍ഷിപ്പ് സംബന്ധിച്ച് സ്ക്രൂട്ടിനി നടന്നുപോലുമില്ല. മെംബര്‍ഷിപ്പ് കുറഞ്ഞതും കൂടിയതും സിപിഐക്ക് പ്രശ്നമല്ല. മൂല്യബോധമുള്ളവര്ക്കാണ് അംഗത്വം നല്‍കുന്നത്.അല്ലാതെ വോട്ടര്‍ലിസ്റ്റ് നോക്കിയല്ല.
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചത് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.സന്തോഷ്കുമാര്‍ എംപി, മന്ത്രി ജി.ആര്.അനില്‍, കെ.പി. രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, ഇ. ചന്ദ്രശേഖരന് എംഎല്‍എ , സത്യന് മൊകേരി, പി. വസന്തം, ആര്. രാജേന്ദ്രന്, സി.പി. മുരളി, സി.എന്‍. ചന്ദ്രന്, സി.പി. ഷൈജന്‍, കെ. എം. സപ്ന, സി. വിജയന്, എന്‍. ഉഷ പ്രസംഗിച്ചു. കെ.വി. ഗംഗാധരന് പതാക ഉയര്‍ത്തി. സമ്മേളനം ഇന്ന് സമാപിക്കും. ജില്ല സെക്രട്ടറിയായി സി.പി. സന്തോഷ്കുമാർ തന്നെ തുടരനാണ് സാധ്യത.
പ്രവർത്തന റിപ്പോർട്ടിൽ പാർട്ടി മന്ത്രിമാർക്കടക്കം വിമർശനം
കണ്ണൂർ: സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പാർട്ടി മന്ത്രിമാരടക്കമുള്ളവർക്ക് നിശിത വിമർശനം. മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരടക്കം വേദിയിലിക്കെയാണ് വിമർശനം ഉന്നയിച്ചുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. മന്ത്രിമാർ ഭാവനാസന്പന്നരായി പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലാതെ അവ പൂർണതയിലെത്തിക്കുന്നതിൽ വിജയിക്കുന്നില്ലെന്നാണ് പ്രധാന വിമർശനം. മാവേലി സ്റ്റോറുകളിലെ അവശ്യവസ്തുക്കൾ ലഭിക്കാത്തത് വകുപ്പ് കൈയാളുന്ന പാർട്ടിയുടെയും സർക്കാരിന്റെയും ശോഭ കെടുത്തി.
ഒരു കാലത്ത് സിപിഐയുടെ മന്ത്രിമാരോട് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്ക് താത്പര്യമുണ്ടായിരുന്നു. മറ്റു മന്ത്രിമാരിൽ നിന്നും വേറിട്ട രീതിയിലായിരുന്നു സിപിഐ മന്ത്രിമാരെ ജനം കണ്ടതെങ്കിൽ ഇന്ന് അക്കാര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് തിരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഉയരുന്ന വിമർശനങ്ങളിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നത് ശരിയായ രീതിയല്ല. വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തണം. വിമർശനങ്ങളെ വികസനവിരുദ്ധമെന്നും രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തള്ളുന്നത് ഇടതുപക്ഷ നിലപാടല്ലെന്ന് മന്ത്രിമാരും സർക്കാരും ഉൾക്കൊള്ളണം. ചില ഉപജാപക വൃന്ദങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഇത് സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നു. മന്ത്രിമാർ പൊതുജനങ്ങൾക്ക് മാതൃകയാകുന്ന രീതിയിൽ ലളിത ജീവിതം നയിക്കണം. നിരവധി ജനോപകാര പ്രദങ്ങളായ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും കാർഷിക ക്ഷേമ ബോർഡ്, ക്ഷേമനിധി ബോർഡുകളിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകാത്തത് വലിയ പ്രതിസന്ധിയാണ്. പതിനായിരങ്ങൾ വരുന്ന സാധാരണക്കാരെയാണ് ബാധിക്കുന്നത്. ഈ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിച്ച് ജനങ്ങളെ ചേർത്തു നിർത്താനുള്ള പ്രവർത്തനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണം. കേന്ദ്രം കേരളത്തോട് വിവേചനപരമായ നിലപാടുകൾ കൈക്കൊള്ളുന്പോഴേല്ലം ഇടത് സർക്കാർ അത് മറികടക്കാൻ ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ച് വിജയിക്കുന്നുവെന്നത് അഭിനന്ദാർഹമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ ജില്ലയിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സിപിഎം മുന്നണിക്കകത്ത് തങ്ങളുടെ മർക്കട മുഷ്ടി ഉപേക്ഷിച്ചിട്ടുണ്ടെന്ന് ജില്ലയെ കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.
ഇത് സിപിഐ-സിപിഎം ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.അതേസമയം രാഷ്ട്രീയ പാർട്ടിയുടെ മറ ഉപയോഗിച്ച് ചിലർ ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തുന്നത് തടയേണ്ടതുണ്ട്. ജില്ലയിൽ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണമായും ഇല്ലാതായെന്ന് പറയാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്.