കെ.എസ്. സന്തോഷ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി : പപ്പായ കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് വിമുക്ത ഭടനും ഭാര്യയും. കുലശേഖരപുരം, ആദിനാട് വടക്ക്, പഞ്ചായത്ത് ഓഫീസിന് സമീപം സൗപർണികയിൽ വിക്രമൻ - അജിത ദമ്പതികളാണ് പപ്പായ കൃഷിയിൽ വേറിട്ട മാതൃക തീർത്ത് വിജയഗാഥ രചിക്കുന്നത്.
ഒരു വർഷം മുമ്പ് കൃഷിഭവനിൽ ആരും ഏറ്റുവാങ്ങാതെ അധികം വന്ന ഏതാനും പപ്പായ തൈകൾ ഏറ്റെടുത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള 10 സെന്റ് ഭൂമിയിൽ കൃഷി ആരംഭിക്കുമ്പോൾ ഇതിന് ഭാവിയിൽ വലിയ പ്രാധാന്യവും ആവശ്യക്കാരും ഉണ്ടാകുമെന്ന ചിന്ത ഇവർക്കുണ്ടായിരുന്നില്ല.
ആറുമാസം കഴിഞ്ഞതോടെ വിളവെടുക്കാൻ പാകത്തിൽ മരങ്ങളിലെല്ലാം നിറയെ പപ്പായ വിളഞ്ഞു. പപ്പായ തേടി നിരവധി പേർ എത്താൻ തുടങ്ങി. ആദ്യഘട്ടത്തിൽ ചെറിയതോതിൽ നടന്ന വില്പന ഇപ്പോൾ ദിവസവും എത്തുന്ന ആവശ്യക്കാർക്ക് പപ്പായ കൊടുക്കാൻ കഴിയാത്ത സ്ഥിതിയായി മാറിയിരിക്കുകയാണെന്ന് വിക്രമനും അജിതയും പറയുന്നു.
ഒരു പപ്പായക്ക് രണ്ടര മുതൽ മൂന്നുകിലോ വരെ തൂക്കം ഉണ്ടാകും. കിലോയ്ക്ക് 50 രൂപ വിലയ്ക്കാണ് ആവശ്യക്കാർക്ക് നൽകുന്നത്. ഇതിനകം രണ്ട് കിന്റലോളം പപ്പായ വില്പന നടത്താൻ കഴിഞ്ഞു.
പപ്പൈൻ എന്ന പ്രോട്ടിയസ് എൻസൈമിനാൽ സമൃദ്ധമാണ് പച്ച പപ്പായ. യൂറിക് ആസിഡിനും മറ്റും പച്ച പപ്പായ ഗുണകരമാണെന്ന് നിരവധി പേർ പറയുന്നു. അതിനുവേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണവും വർധിച്ചു വരുന്നുണ്ട്.
പഴുക്കുമ്പോൾ പപ്പൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്. പച്ചക്കപ്പയിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ് പപ്പൈൻ കൂടുതലായുള്ളത്. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്.
ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആസിഡുകൾ, ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ, വിറ്റാമിൻ-സി, വിറ്റാമിൻ-എ, ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പായയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ, ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു.
അർബുദ രോഗബാധിതരായ നിരവധി പേർ പപ്പായ വാങ്ങാൻ സ്ഥിരമായി ഇവിടെ എത്താറുണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് പപ്പായ. കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള മനോഹരമായ പഴമായി മാറും. ഐസ്ക്രീമിലും ബേക്കറി ഉത്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാഥമാണിത്. പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽ ചേർത്തുവരുന്നുണ്ട്.
മറ്റ് പച്ചക്കറി കൃഷികളോടൊപ്പം ഒരു നേരം പോക്കിന് പത്ത് തൈകൾ നട്ട് തുടങ്ങിയതാണ് ഇവരുടെ പപ്പായ കൃഷി. ഇതിന് ഇത്രയേറെ പ്രാധാന്യവും ആവശ്യക്കാരും ഉണ്ടാകും എന്ന് കരുതിയിരുന്നില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വിളവെടുക്കാം. 35 മുതൽ 45 കിലോ വരെ ഓരോ വിളവെടുപ്പിലും ലഭിക്കും. ചാണകപ്പൊടി ,എല്ലുപൊടി ഗോമൂത്രം, ചാണകം തുടങ്ങിയവ വളമായി ചേർക്കുന്നുണ്ട്. വെള്ളക്കെട്ട് വരാതെ നോക്കണം എന്നത് പ്രധാനമാണെന്ന് ഇവർ പറയുന്നു. പപ്പായ കൂടാതെ ചീര, വെണ്ടയ്ക്ക, തക്കാളി ,പച്ചമുളക് തുടങ്ങി ധാരാളം കൃഷിയും ഇവർക്ക് ഉണ്ട് .
ചീര വലിയതോതിൽ കൃഷി ചെയ്തു .തക്കാളിയും പച്ചമുളകും എല്ലാം വില്പനയ്ക്ക് വയ്ക്കാതെ സുഹൃത്തുക്കൾക്കും പരിസരവാസികൾക്കും നൽകുകയായിരുന്നു. പപ്പായ കൃഷിയിൽ ആദ്യ പരീക്ഷണം വിജയിച്ചതോടെ കൃഷി വിപുലപ്പെടുത്താനാണ് ഇവരുടെ തീരുമാനം.