തെക്കൻ കുരിശുമല തീർഥാടനം: വചനാനുഭവ ധ്യാനം ആരംഭിച്ചു
1279459
Monday, March 20, 2023 11:31 PM IST
വെള്ളറട : തെക്കൻ കുരിശുമല 66-ാമത് മഹാതീർഥാടനത്തോടനുബന്ധിച്ച് ഡിവൈൻ മേഴ്സി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.മാനുവൽ കരിപ്പോട്ട് നേതൃത്വം നൽകുന്ന വചനാനുഭവ ധ്യാനം കുരിശുമല റെക്ടർ മോണ്.ഡോ.വിൻസെന്റ് കെ.പീറ്റർ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ധ്യാനം വൈകുന്നേരം ആറിന് ആരംഭിച്ച് വൈകുന്നേരം 8.30ന് അവസാനിക്കും. രാവിലെ അഞ്ചിന് സംഗമവേദിയിൽ നെയ്യാറ്റിൻകര രൂപതാ ചാൻസലർ ഡോ.ജോസ് റാഫേൽ ദിവ്യബലി അർപ്പിച്ചു. നെറുകയിൽ നടന്ന ദിവ്യബലികൾക്ക് ഫാ.ജസ്റ്റിൻ ഫ്രാൻസീസ്, ഫാ. അരുണ് കുമാർ എന്നിവരും, നിത്യാരാധനാ ചാപ്പലിൽ ഫാ.ജോയിസാബു, ഡോ.അലോഷ്യസ് സത്യനേശൻ എന്നിവരും മുഖ്യകാർമികത്വം വഹിച്ചു. ഫാ.വിൻസോ, നെയ്യാറ്റിൻകര രൂപത കോ-ഒാർഡിനേറ്റർ മോണ്.വി.പി.ജോസ് എന്നിവർ സംഗമവേദിയിൽ ദിവ്യബലിയർപ്പിച്ചു. എട്ടിന് സംഗമവേദിയിൽ നടന്ന തെയ്സെ പ്രാർഥനയ്ക്ക് ഫാ.സാവിയോ ഫ്രാൻസീസ് നേതൃത്വം നൽകി.
ഉണ്ടൻകോട് സെന്റ് ജോസഫ്സ് ഫൊറോനാ ദേവാലയത്തിലെ കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉണ്ടൻകോട് മുതൽ കുരിശുമല വരെ മരക്കുരിശുമായി കുരിശിന്റെ വഴി നടത്തി.35 അടി നീളവും 25 അടി വീതിയുമുള്ള തെങ്ങിൻ തടിയിൽ തീർത്ത കുരിശ് കുരിശുമലയിൽ സ്ഥാപിച്ചു.
ഫാ.സാവിയോ ഫ്രാൻസീസ്, പ്രസിഡന്റ് സജി, സെക്രട്ടറി ജോഫി, ട്രഷർ ഷാഹുൽ എന്നിവർ നേതൃത്വം നൽകി.