കാട്ടാക്കട : ബസ് കാത്തുനിന്ന വയോധികയെ ബസ് കൂലി നൽകിയാൽ മതി എന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി കൊണ്ട് പോയി മാല കവർന്നതായി പരാതി. മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഊരൂട്ടമ്പലം മാറനല്ലൂർ കാരണംകോഡ് കാർത്തികയിൽ വസന്ത (67) യുടെ ഒരു പവൻ സ്വർണമാലയാണ് ഓട്ടോയിൽ എത്തിയയാൾ പൊട്ടിച്ചു കടന്നത്.
ബസ്കൂലി മാത്രം നൽകിയാല് മതിയെന്ന് പറഞ്ഞായിരുന്നു പ്രതികൾ വയോധികയെ വാഹത്തിൽ കയറ്റിയത്. ഇറങ്ങാനുള്ള സ്ഥലം എത്തിയപ്പോൾ മൂലംകോണം സിഎസ്ഐ പള്ളിക്ക് സമീപം ഓട്ടോ നിർത്തി മാല കവരുകയായിരുന്നു. ഓട്ടോയുടെ പുറകിലുണ്ടായിരുന്നയാളായിരുന്നു മാല പൊട്ടിച്ചതെന്ന് വയോധിക പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു.