കണ്ടിജന്റ് എംപ്ലോയീസ് കോണ്ഗ്രസ് വഞ്ചനാദിനം ആചരിച്ചു
1563596
Friday, May 30, 2025 6:40 AM IST
തിരുവനന്തപുരം: കേരള മുനിസിപ്പൽ/കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോണ്ഗ്രസ് (കെഎംസിസിഇസി) ഐഎൻടിയുസി ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഒട്ടാകെ കണ്ടിജന്റ് ജീവനക്കാർ വഞ്ചനാദിനം ആചരിച്ചു.
കണ്ടിജന്റ് ജീവനക്കാരെ പൊതുസർവീസിൽ ഉൾപ്പെടുത്തുക, പെൻഷൻ പ്രായം ഉയർത്തുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക, മെഡിസെപിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം സംഘടിപ്പിച്ചത്.
തിരുവനന്തപുരം കോർപറേഷൻ ഓഫീസിനു മുന്നിൽ നടന്ന ജില്ലാതല വഞ്ചനാദിനാചരണം യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. കൗണ്സിലർമാറും ജില്ലാ പ്രസിഡന്റുമായ മേരിപുഷ്പം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. വേണു,
ജില്ലാ സെക്രട്ടറിമാരായ ഉദയകുമാർ, ജോയ്സ്, നെയ്യാറ്റിൻകര യൂണിറ്റ് പ്രസിഡന്റ് ഇരുന്പിൽ ശ്രീകുമാർ, ജില്ലാ സെക്രട്ടറി ജഫ്രി എം. തോമസ്, കെഎൽജിഎസ്എ സംസ്ഥാന ഭാരവാഹികളായ സജിദാസ്, വിജയകുമാർ, പുഷ്പം, പട്ടം പുഷ്പകുമാർ, വി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.