ദഫ് മത്സര ഫലത്തിനു പിന്നാലെ ബഹളം
1244950
Friday, December 2, 2022 12:04 AM IST
തിരൂർ: ജില്ലാ കലോത്സവത്തിൽ കഴിഞ്ഞ ദിവസം സമാപിച്ച ഹൈസ്കൂൾ വിഭാഗം ദഫ്മുട്ട് മത്സര ഫലത്തിനു പിന്നാലെ ബഹളം. ജഡ്ജിമാർക്കെതിരെ വിവിധ സ്കൂളുകളുടെ പരിശീലകർ രംഗത്തെത്തിയതാണ് ബഹളത്തിന് ഇടയാക്കിയത്. ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലെ വേദി ഒന്നിൽ നടന്ന എച്ച്.എസ് ദഫ്മുട്ട് മത്സരത്തിൽ 17 ടീമുകളാണ് പങ്കെടുത്തത്. ഇതിൽ മിക്ക ടീമുകളും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
എന്നാൽ മത്സര വിജയികളായി കോട്ടുകര പിപിഎംഎച്ച്എസ്സ് സ്കൂൾ ടീമിനെ പ്രഖ്യാപിച്ചതോടെ മറ്റ് ടീം പരിശീലകർ സംഘടിച്ച് പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഈ ടീമിനെ വിജയികളായി പ്രഖ്യാപിക്കാൻ യോഗ്യതയില്ലെന്നും, ഹൈസ്കൂൾ വിഭാഗം മത്സരമെത്തിയപ്പോൾ ഹയർസെക്കണ്ടറി മത്സരത്തിന് വിധിനിർണയിച്ച ജഡ്ജിമാരിൽ മാറ്റമുണ്ടായതായും പരിശീലകർ ആരോപിച്ചു. ഇവർ പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ പരാതി നൽകാനെത്തിയത് ബഹളത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് തിരൂർ എസ്.ഐ വി.ജിഷിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. അപ്പീലുമായി മുന്നോട്ടു പോയതായി പരാതിയുന്നയിച്ച പരിശീലകർ പറഞ്ഞു.