തോട് നിർമാണത്തിൽ അശാസ്ത്രീയത; പ്രവൃത്തി നിർത്തിവച്ചു
1265833
Wednesday, February 8, 2023 12:09 AM IST
എടക്കര: തോട് കോണ്‍ക്രീറ്റ് ചെയ്യുന്നതിൽ അശാസ്ത്രീയമെന്നു ആക്ഷേപം. ഇതേത്തുടർന്നു എടക്കരയിൽ അധികൃതർ ഇടപെട്ട് പ്രവൃത്തി നിർത്തിവപ്പിച്ചു. എടക്കര മേനോൻപൊട്ടി വാർഡിൽ പാലിയേറ്റീവ് ക്ലിനിക്കിന് സമീപമുള്ള തോട്ടിലാണ് നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നു അഞ്ച് ലക്ഷം രൂപ ചെലവിൽ പ്രവൃത്തി നടത്തുന്നത്.
തോടിന് താഴ്ഭാഗത്ത് 80 മീറ്റർ കോണ്‍ക്രീറ്റും 50 മീറ്റർ വശങ്ങൾ ബലപ്പെടുത്തലുമാണ് പ്രവൃത്തി. കാലവർഷത്തിൽ വെള്ളം ഉൾകൊള്ളാനാകാതെ തോട് കരകവിയുകയും സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറുകയും പതിവാണ്. എന്നാൽ, വെള്ളക്കെട്ടിന് ആക്കം കൂട്ടുന്ന തരത്തിൽ അശാസ്ത്രീയമായ രീതിയിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. എടക്കര മേനോൻപൊട്ടി റോഡിനു കുറുകെയുള്ള കലുങ്കിന് താഴ്ഭാഗത്ത് വെള്ളക്കെട്ട് നിലനിൽക്കെയാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തി നിലം കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. പരാതിയെ തുടർന്ന് ബ്ലോക്ക് ഓവർസിയർ സ്ഥലം സന്ദർശിക്കുകയും കുറ്റമറ്റ രീതിയിൽ നടത്താനാകുന്നതുവരെ നിർത്തിവയ്ക്കാനും നിർദേശിക്കുകയായിരുന്നു. അശാസ്ത്രീയമായ പ്രവൃത്തിയിലെ അഴിമതിയും മറ്റും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.