പതിനൊന്നു വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു
1574436
Thursday, July 10, 2025 12:45 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയ്ക്കടുത്ത് കക്കൂത്തിൽ ആറാംക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ഈസഹാജി പടിയിലെ വടക്കത്തൊടി ഫസലുൽ ആബിദിന്റെ മകൻ അഫ്നാനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് കക്കൂത്ത് ചാലിയം കുളത്തിലാണ് സംഭവം. പൂപ്പലം ഒഎയുപി സ്കൂളിലെ വിദ്യാർഥിയായ അഫ്നാൻ കൂട്ടുകാരോടൊത്ത് നീന്തുന്നതിനിടയിൽ വെള്ളത്തിൽ താഴുകയായിരുന്നു.
40 അടി നീളവും 35 അടി വീതിയുമുള്ള പായലും പുല്ലും നിറഞ്ഞ കുളമാണിത്. സ്ഥലത്തെത്തിയപെരിന്തൽമണ്ണ അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി. ബാബുരാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. നാസർ, സ്കൂബ ടീം ഉൾപ്പെടെ തെരച്ചിൽ നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സുർജിത്ത്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ രാജേഷ്, രഞ്ജിത്ത്, കിഷോർ, നിധിൻ, ഡ്രൈവർ ശരത്ത് എന്നിവർ നേതൃത്വം നൽകി. മാതാവ്: നസീമ കാരളി (കരിങ്കല്ലത്താണി). പോലീസ് നടപടികൾക്ക് ശേഷം വൈകുന്നേരം 7.30ന് മൃതദേഹം വെട്ടുപാറ ജുമാ മസ്ജിദിൽ കബറടക്കി.