ജില്ലയിൽ പണിമുടക്ക് പൂർണം : ജനജീവിതം സ്തംഭിച്ചു
1574558
Thursday, July 10, 2025 5:34 AM IST
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണം. ജനജീവിതം സ്തംഭിച്ചു. കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. തുറന്ന ഏതാനും കടകൾ സമരക്കാർ അടപ്പിച്ചു. ഗ്രാമീണ മേഖലകളിൽ ചില വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചു.
മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ, മലപ്പുറം, നിലന്പൂർ തുടങ്ങിയ നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ ഹാജർനില വളരെ കുറവായിരുന്നു. സ്കൂളുകളിൽ വിദ്യാർഥികൾ തീരെ കുറവായിരുന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകൾ ഓടിയില്ല.
അത്യാവശ്യഘട്ടത്തിൽ മാത്രം ചില ഓട്ടോകൾ മാത്രമാണ് സർവീസ് നടത്തിയത്. അടിയന്തര ആവശ്യങ്ങൾക്കുള്ള സ്വകാര്യ വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തിയത്. ഇന്നലെ രാവിലെ ഏതാനും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയെങ്കിലും ഇതും പലയിടങ്ങളിലും സമരക്കാർ തടഞ്ഞു. ഇതോടെ പലയിടത്തും യാത്രക്കാർ ബുദ്ധിമുട്ടി.
മഞ്ചേരിയിൽ പണിമുടക്ക് അനുകൂലികളും പോലീസും തമ്മിൽ കൈയാങ്കളി ഉണ്ടായി. ലോഡുമായി എത്തിയ ലോറി ഡ്രൈവറോട് സമരവുമായി സഹകരിക്കണമെന്ന് സമരാനുകൂലികൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സമരക്കാരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും പിടിച്ചുതള്ളുകയുമായിരുന്നു.
ഇതോടെ പ്രവർത്തകർ ഒന്നടങ്കം പോലീസിന് നേരെ തിരിയുകയും പ്രശ്നം കൈയാങ്കളിയിലെത്തുകയുമായിരുന്നു. നേതാക്കൾ ഇടപെട്ടതോടെ പ്രശ്നം അവസാനിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. സിപിഎം ഏരിയ സെക്രട്ടറി അഡ്വ. ഫിറോസ് ബാബു ഒന്നാം പ്രതിയായും കണ്ടാലറിയാവുന്ന 20 പേർക്കെതിരേയുമാണ് കേസെടുത്തത്.
ഏറനാട് താലൂക്ക് കാര്യാലയത്തിലും വില്ലേജ് ഓഫീസുകളിലുമായുള്ള 190 ജീവനക്കാരിൽ 68 പേർ ഇന്നലെ ജോലിക്കെത്തി. താലൂക്ക് ഓഫീസിൽ 57 പേരാണുള്ളത്. ഇതിൽ 18 പേർ ജോലിക്കെത്തി. 34 പേർ അംഗീകൃത അവധിയെടുത്തപ്പോൾ നാലുപേർ അനുമതിയില്ലാതെയാണ് ജോലിക്ക് ഹാജരാകാതിരുന്നത്. വില്ലേജ് ഓഫീസുകളിൽ ആകെ 133 ജീവനക്കാരിൽ 50 പേർ ജോലിക്കെത്തി. 37 പേർ അനുമതിയില്ലാതെയും 46 പേർ അവധിയെടുത്തും ജോലിയിൽ നിന്ന് വിട്ടു നിന്നു.
നിലന്പൂർ: കെഎസ്ആർടിസി ഡിപ്പോയിൽ സമരാനുകൂലികൾ തടഞ്ഞ നിലന്പൂർ -ഗൂഢല്ലൂർ സർവീസ് പോലീസ് ഇടപെട്ട് നടത്തി. ഇടത് തൊഴിലാളി സംഘടനകൾ നിലന്പൂർ ടൗണിലും വലത് തൊഴിലാളി സംഘടനകൾ നിലന്പൂർ പോസ്റ്റ് ഓഫീസിലേക്കും മാർച്ച് നടത്തി. നിരവധി പേർ രണ്ട് മാർച്ചുകളിലായി പങ്കെടുത്തു. എടക്കര, ചുങ്കത്തറ, ചാലിയാർ, വഴിക്കടവ്, അമരന്പലം, കരുളായി, മൂത്തേടം, പോത്തുകൽ എന്നിവിടങ്ങളിലും പണിമുടക്ക് പൂർണമായിരുന്നു.തുറന്ന് പ്രവർത്തിച്ച പൊതുമേഖല ബാങ്കുകൾ സമരക്കാർ ഇടപ്പെട്ട് അടപ്പിച്ചു.
നിലന്പൂരിൽ കടകൾ തുറന്ന് പ്രവർത്തിച്ചില്ല. ഇരുചക്ര വാഹനങ്ങളും സ്വകാര്യവാഹനങ്ങളും ഏതാനും ഓട്ടോകളും സർവീസ് നടത്തിയത് ജനങ്ങൾക്ക് ആശ്വാസമായി എൽഡിഎഫ് സംഘടനകൾ നടത്തിയ മാർച്ച് സിപിഎം ഏരിയാ സെക്രട്ടറി കെ.മോഹനനും യുഡിഎഫ് അനുകൂല സംഘടനകൾ നടത്തിയ മാർച്ച് കെപിസിസി അംഗം എൻ.എ. കരീമും ഉദ്ഘാടനം ചെയ്തു.
കരുവാരകുണ്ട്: കരുവാരകുണ്ടിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രകടനം നടത്തി. രാവിലെ നടന്ന പ്രകടനത്തിനിടയിൽ തുറന്ന് പ്രവർത്തിച്ചിരുന്ന സ്വകാര്യബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ രണ്ടുപേർ ജോലിക്കെത്തി ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നറിഞ്ഞ് സമരാനുകൂലികൾ ഓഫീസിലെത്തി മുദ്രാവാക്യം വിളിക്കുകയും പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
പോലീസ് എത്തിയാണ് സമരാനുകൂലികളെ പുറത്തേക്ക് മാറ്റിയത്. ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക കടകളും അടഞ്ഞുകിടന്നു. മത്സ്യം, മാംസം, പച്ചക്കറി ഉൾപ്പെടെ ചുരുങ്ങിയ കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. അപൂർവമായി സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കൊണ്ടോട്ടിയിൽ രാവിലെ തന്നെ സമരക്കാർ കെഎസ്ആർടിസി തടഞ്ഞിട്ടു. മലപ്പുറം ഡിപ്പോയിൽ നിന്ന് രാവിലെ മലപ്പുറ-കോഴിക്കോട്, മലപ്പുറം-തിരൂർ റൂട്ടുകളിൽ ഒരോ സർവീസ് നടത്തി.
നിലന്പൂർ ഡിപ്പോയിൽ നിന്ന് കോഴിക്കോട് റൂട്ടിൽ രണ്ട് ബസുകൾ സർവീസ് നടത്തി. ബാംഗളൂരൂവിലേക്ക് ഒരു സ്വിഫ്റ്റ് ബസും നിലന്പൂർ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തി. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് പെരിന്തൽമണ്ണ-ഗൂഢല്ലൂർ, പെരിന്തൽമണ്ണ - തിരുവനന്തപുരം റൂട്ടുകളിൽ ഓരോ കെഎസ്ആർടിസി വീതം സർവീസ് നടത്തി. പൊന്നാനി ഡിപ്പോയിൽ നിന്ന് ഒന്നുപോലും സർവീസ് നടത്തിയില്ല. തുറന്ന് പ്രവർത്തിച്ച പൊതുമേഖല ബാങ്കുകൾ സമരക്കാർ അടപ്പിച്ചു.
പണിമുടക്ക് വിജയമാക്കിയ ബഹുജനങ്ങളെയും തൊഴിലാളികളെയും കച്ചവടക്കാരെയും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി അഭിനന്ദിച്ചു. മലപ്പുറത്ത് കുന്നുമ്മൽ കെഎസ്ആർടിസിക്കു മുന്നിൽ നിന്ന് തുടങ്ങിയ പ്രകടനം മഞ്ചേരി റോഡ്, പെരിന്തൽമണ്ണ റോഡ് വഴി കോട്ടപ്പടി ടൗണ്‍ ചുറ്റി കുന്നുമ്മൽ സമരപ്പന്തലിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കണ്‍വീനറുമായ വി.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ പ്രസിഡന്റ് എം.എ.റസാഖ് അധ്യക്ഷത വഹിച്ചു. കെ.വിജയകുമാർ (ആക്ഷൻ കൗണ്‍സിൽ), ഡോ. പി.എം.ആശിഷ് (സമരസമിതി), കെ.സുന്ദരരാജൻ (കർഷക സംഘം), കെ.മജ്നു (കർഷക തൊഴിലാളി യൂണിയൻ), ടി.രാജേഷ് (കേന്ദ്ര കോണ്‍ഫെഡറേഷൻ), എ.കെ.വേലായുധൻ, ഇ.എൻ.ജിതേന്ദ്രൻ (സിഐടിയു),
എച്ച്.വിൻസെന്റ്, അഡ്വ. മുസ്തഫ കൂത്രാടൻ, പുഴക്കൽ ശരീഫ് (എഐടിയുസി), കെ.യു.ഇഖ്ബാൽ (എൻആർഇജി), സി.മിഥുൻ (ബെഫി), സി.നഫീസ (വർക്കിംഗ് വിമൻ കോ-ഓർഡിനേഷൻ), വി.കെ.രാജേഷ്, സി.ഇല്യാസ്, ഒ.സഹദേവൻ, കെ.പി.ഫൈസൽ (സിഐടിയു) , ജംഷീർ ബാബു (എഐടിയുസി) എന്നിവർ പ്രസംഗിച്ചു.