നല്ലംതണ്ണിയിൽ പുലി സാന്നിധ്യം; ഭയന്നോടുന്നതിനിടയിൽ തൊഴിലാളിക്ക് വീണുപരിക്ക്
1574561
Thursday, July 10, 2025 5:34 AM IST
എടക്കര: നല്ലംതണ്ണിയിലും പരിസര പ്രദേശങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ ദിവസം പുലർച്ചെ ചോലക്കുളം ഭാഗത്ത് ടാപ്പിംഗിന് പോയ തൊഴിലാളി പുലിയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണുപരിക്കേറ്റു. മണക്കാട് സ്വദേശി പരമേശ്വരനാണ് പരിക്കേറ്റത്. ചൂരക്കണ്ടി, ചോലക്കുളം ഭാഗങ്ങളിൽ പലരും പുലിയെ കണ്ടതായി പറയുന്നു.
മൂന്ന് ദിവസം മുന്പ് കണ്ണംകല്ലേൽ അപ്പച്ചന്റെ ഭാര്യ ആനി വീടിന്റെ മുറ്റത്ത് പുലിയെ കണ്ടുവെന്ന് പറഞ്ഞിട്ടുണ്ട്. ഇവരുടെ വളർത്തുനായയെ കാണാതായിട്ടുമുണ്ട്. ഇവരുടെ വീടിന് അടുത്തായി താമസിക്കുന്ന മുഹമ്മദാലിയും പുലിയെ കണ്ടതായി പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ സിപിസി കുന്നിലെ ജലനിധിയുടെ കുടിവെള്ള ടാങ്കിന് സമീപത്തെ തോട്ടത്തിൽ ടാപ്പിംഗിന് എത്തിയ പിരിച്ചിട്ടുമാക്കൽ സന്തോഷ് പുലിയുടെ അലർച്ച കേട്ട് മടങ്ങിപോന്നു.
ബുധനാഴ്ച തെച്ചിയോടൻ കുഞ്ഞാപ്പയുടെ പറന്പിലെ കുറ്റിക്കാട് വെട്ടിമാറ്റുന്നതിനിടെ പുലിയുടേതിന് സമാനമായ അലർച്ച കേട്ട് കാട് വെട്ടിക്കൊണ്ടിരുന്ന സ്ത്രീകൾ ഭയന്നോടുകയും ചെയ്തിട്ടുണ്ട്. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് വള്ളുവശേരി ബീറ്റിലെ വനം ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
എന്നാൽ ശക്തമായ മഴ പെയ്തതിനാൽ പുലിയുടെ കൽപ്പാടുകൾ കണ്ടെത്താനായില്ല. വള്ളിപ്പുലിയാകാം ഇവർ കണ്ടതെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്. വീണ്ടും പ്രദേശത്ത് പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.