കാറും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
1574814
Friday, July 11, 2025 5:31 AM IST
വണ്ടൂർ: വണ്ടൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. അമ്പലപ്പടി പുല്ലൂർ സ്വദേശി ശബീറിനാണ് പരിക്കേറ്റത്. സിഎച്ച് ബൈപാസ് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം നടന്നത്.
മരക്കുലംകുന്ന് റോഡിൽ നിന്നും ബൈപാസ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോയും ബൈപാസ് റോഡിലൂടെ കൂരിക്കുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ ശബീറിനെ ഉടൻതന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ ഓട്ടോറിക്ഷ തകർന്ന നിലയിലാണ്. കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.