കാലിക്കട്ട് വാഴ്സിറ്റിയിൽ ജീവനക്കാരുടെ പെൻഡൗൺ സമരം : രണ്ടാം ദിനത്തിലും യുഡിഎഫ് ജീവനക്കാർ ജോലി ബഹിഷ്കരിച്ചു
1574813
Friday, July 11, 2025 5:31 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ യുഡിഎഫ് അനുകൂല സംഘടനാംഗങ്ങളായ ജീവനക്കാരുടെ പെൻഡൗൺ മൂന്നാം ദിനത്തിലേക്ക്. എസ്എഫ്ഐ അതിക്രമത്തിൽ പ്രതിഷേധിച്ച് ദേശീയ പണിമുടക്ക് ദിനത്തിലാണ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷനും സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസും സമരം തുടങ്ങിയത്.
ജീവനക്കാരെ അക്രമിച്ചവർക്കെതിരേ വിസി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിസഹകരണ സമരം.ബഹിഷ്കരണ സമരത്തിന്റെ രണ്ടാം ദിനമായ ഇന്നലെയും ഓഫീസിലെത്തിയ ജീവനക്കാര്‍ ഒപ്പിട്ട് ജോലി ചെയ്യാതെ പ്രതിഷേധിച്ചു.തുടര്‍ന്ന് സര്‍വകലാശാല പരീക്ഷാഭവനില്‍ പ്രതിഷേധ യോഗവും നടത്തി.
യൂണിവേഴ്സിറ്റികളിലെ കാവിവത്കരണത്തിനെതിരേ ചാന്‍സലര്‍ക്കും വൈസ് ചാന്‍സലര്‍ക്കുമെതിരേ കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധ സമരം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്യു നേതാവിനെ പ്രോജക്ടില്‍ ചട്ടവിരുദ്ധമായി പുനര്‍മൂല്യനിര്‍ണയം നടത്തി വിജയിപ്പിച്ചെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ഭരണകാര്യാലയം അടക്കം ഉപരോധിച്ചുള്ള സമരത്തെതുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്താമെന്ന് സിന്‍ഡിക്കറ്റംഗങ്ങള്‍ രേഖാമൂലം ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയെങ്കിലും യുഡിഎഫ് അനുകൂല ജീവനക്കാര്‍ വനിത സിന്‍ഡിക്കറ്റംഗത്തിന്റെ കാര്‍ തടഞ്ഞ് പ്രതിഷേധിച്ചതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതികരിക്കുകയും സംഘര്‍ഷമാകുകയും ചെയ്തിരുന്നു.