72 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
1574559
Thursday, July 10, 2025 5:34 AM IST
കോട്ടയ്ക്കൽ: 72 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ. വേങ്ങര ചേറൂർ സ്വദേശികളായ ആലുക്കൽ സഫ്വാൻ (29), മുട്ടുപറന്പൻ അബ്ദുൾ റൗഫ് (28), കോലേരി ബബീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ ആഡംബര ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ പോലുള്ള മാരകമായ ലഹരിമരുന്നിന്റെ ഉപയോഗവും വിൽപ്പനയും നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
കോട്ടക്കൽ മൈത്രി റോഡിൽ പ്രവർത്തിക്കുന്ന ഫ്ളാറ്റിൽ കോട്ടക്കൽ എസ്ഐ പി.ടി.സെയ്ഫുദീനും ഡാൻസാഫ് സ്ക്വാഡും രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലോഡ്ജുകളിലും റിസോർട്ടുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ടൗണിനോട് ചേർന്നുള്ള ഫ്ളാറ്റുകൾ വാടകയ്ക്കെടുത്താണ് ലഹരിവിൽപന.
ഇവിടെ വച്ച് ആവശ്യത്തിന് പാക്കറ്റുകളിലാക്കി ഗ്രാമിന് 3000 മുതൽ വിലയിട്ട് ആവശ്യക്കാർക്ക് കോട്ടക്കൽ ടൗണിലും ബൈപ്പാസിലും വച്ചും ഡ്രോപ്പിംഗ് രീതിയിലും കൈമാറുകയാണ് ചെയ്യുന്നത്.
തൂക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസും മൊബൈൽ ഫോണുകളും 80,000ത്തിലധികം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ലഹരിക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെകുറിച്ച് വിവരം ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും മലപ്പുറം ഡിവൈഎസ്പി കെ.എം.ബിജു, സിഐ സംഗീത് പുനത്തിൽ എന്നിവർ അറിയിച്ചു.
മുട്ടുപറന്പൻ അബ്ദുൾ റൗഫിനെ നേരത്തെ രണ്ട് തവണ എംഡിഎംഎയുമായി പോലീസും എക്സൈസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയതാണ്. പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, മുഹന്നദ്, ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.