ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് നാശത്തിന്റെ വക്കിൽ
1574815
Friday, July 11, 2025 5:31 AM IST
കരുവാരകുണ്ട്: ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് നാശത്തിന്റെ വക്കിലെന്ന് പരാതി. രണ്ടുകോടി രൂപ ചെലവഴിച്ച് 2015 ൽ നിർമിച്ച വില്ലേജ് ഇപ്പോൾ ഡിടിപിസിക്കും ഗ്രാമ പഞ്ചായത്തിനും താൽപര്യമില്ലാതെ അനാഥമായി കിടക്കുകയാണ്. കരുവാരകുണ്ട് അങ്ങാടിയോട് ചേർന്നൊഴുകുന്ന ഒലിപ്പുഴയുടെ ഇരു വശങ്ങളിലായാണ് ടൂറിസം വില്ലേജ് സ്ഥാപിച്ചിട്ടുള്ളത്.
തുടക്കത്തിൽ ധാരാളം പേരെത്തിയിരുന്ന ഇവിടെ ഇപ്പോൾ മിക്ക ദിവസങ്ങളിലും അമ്പത് പേർ പോലും എത്തുന്നില്ല. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് നേരത്തെ ബോട്ട് സർവീസ് നടത്തിയിരുന്നതാണ്.
എന്നാൽ കാടുമൂടിയും മണ്ണടിഞ്ഞും പുഴ നശിച്ചതിനാൽ ബോട്ട് സർവീസും നിലച്ചു . ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി നടപ്പാക്കിയത്. മുടക്കു മുതൽ ലഭിച്ചാൽ പദ്ധതി ഗ്രാമപഞ്ചായത്തിനു കൈമാറുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.എന്നാൽ ഏറ്റെടുക്കാൻ പഞ്ചായത്ത് തയാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കുട്ടികൾക്ക് വേണ്ടി സ്ഥാപിച്ചിരുന്ന റൈഡുകളും പൂർണമായി തുരുമ്പെടുത്ത് നശിച്ചു. ഏക്കറോളം വിസ്തൃതിയിലുള്ള പാർക്ക് നേരമ്പോക്കിനും പ്രകൃതി ആസ്വാദനത്തിനും പറ്റിയ ഇടമാണ്. ആളുകളെ ആകർഷിക്കുന്നതിന് നടപടിയുണ്ടാവുകയും പാർക്കിന്റെ നവീകരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.