നിലന്പൂർ മേഖലയിൽ കാട്ടാനശല്യം നിത്യസംഭവം; കുറുന്തോട്ടുമണ്ണയിലും പാത്തിപ്പാറയിലും കൃഷി നശിപ്പിച്ചു
1574567
Thursday, July 10, 2025 5:34 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭയിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി പരാക്രമം കാട്ടുന്ന സംഭവങ്ങൾ പതിവാകുകയാണ്. വീട്ടുമുറ്റങ്ങളിലേക്കുവരെ ഒറ്റയാനെത്തുന്നു. ജനങ്ങൾ ഭീതിയിൽ കഴിയുന്പോൾ വനംവകുപ്പും ജനപ്രതിനിധികളും മൗനം പാലിക്കുന്നു.
നിലന്പൂർ നഗരസഭയിലെ പാത്തിപ്പാറ ഡിവിഷനിലുൾപ്പെട്ട പാത്തിപ്പാറ, കുറുന്തോട്ടമണ്ണ പ്രദേശങ്ങളിലാണ് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചത്. കൃഷിയിടങ്ങളിലേക്ക് എത്തുന്ന കാട്ടാനയുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. വീട്ടുമുറ്റത്തേക്ക് എത്തുന്ന കാട്ടാനയും കാമറയിൽ പതിഞ്ഞിട്ടുണ്ട്.
കുറുന്തോട്ടുമണ്ണ പുലിക്കുന്നേൽ ഷാഹുൽ ഹമീദിന്റെ കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ 3.15 ഓടെ കാട്ടാനയെത്തി വ്യാപകമായി വാഴ, തെങ്ങ്, കമുക് കൃഷികൾ നശിപ്പിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ പാത്തിപ്പാറ, ഏനാന്തി ഭാഗങ്ങളിലെത്തിയ കാട്ടാനകൾ പ്രദേശത്തെ പത്തിലേറെ കർഷകരുടെ കൃഷികൾ നശിപ്പിക്കുകയും വീട്ടുമുറ്റങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതിന്റെ ആശങ്ക മാറും മുന്പാണ് കാട്ടാന വീണ്ടും ഇവിടേക്ക് എത്തിയത്.
വനംവകുപ്പും നഗരസഭയും അടിയന്തരമായി ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡിഎഫ്ഒ ഓഫീസുകൾ ഉൾപ്പെടെയുള്ള നിലന്പൂർ നഗരത്തിൽ നിന്ന് നാല് കിലോമീറ്ററിനുള്ളിലാണ് കാട്ടാനകളുടെ പരാക്രമം നിത്യവും തുടരുന്നത്. വനപാലകർ സ്ഥലം സന്ദർശിച്ച് മടങ്ങി പോകുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല. കൃഷിയിലൂടെ ഉപജീവനം നടത്തുന്ന കുടുംബങ്ങളാണ് കാട്ടാനശല്യം മൂലം ജീവിതം വഴിമുട്ടി നിൽക്കുന്നത്.
വന്യമൃഗശല്യം രൂക്ഷമായ നിലന്പൂർ, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിലെ എംഎൽഎമാർ ഇക്കാര്യം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്. കടക്കെണി മൂലം പ്രതിസന്ധി നേരിടുന്ന കർഷകരുടെ ഉപജീവനമാർഗങ്ങളാണ് വന്യമൃഗങ്ങൾ നശിപ്പിക്കുന്നത്.