അങ്ങാടിപ്പുറം മേൽപ്പാലം ഇന്ന് പൂർണമായി തുറക്കും
1574817
Friday, July 11, 2025 5:31 AM IST
പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലം ഇന്ന് ബസുകൾക്കും ചരക്കുവാഹനങ്ങൾക്കും ഉൾപ്പെടെ പൂർണമായി തുറക്കും. റോഡിൽ കട്ട പതിച്ച് നവീകരണം പൂർത്തിയാക്കി കഴിഞ്ഞ അഞ്ചിന് പാലം തുറന്നെങ്കിലും നാലുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് ഗതാഗതം അനുവദിച്ചിരുന്നത്.
കട്ട പതിച്ച റോഡ് ബലപ്പെടുത്തുന്നതിനായിരുന്നു വലിയ വാഹനങ്ങളെ നിയന്ത്രിച്ചത്. ബസുകളിലേറെയും അങ്ങാടിപ്പുറം വരെയെത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് തിരിച്ചു പോവുകയായിരുന്നു. പെരിന്തൽമണ്ണ മുതൽ അങ്ങാടിപ്പുറം വരെയും സർവീസ് നടത്തിയിരുന്നു.
റോഡിലെ നിയന്ത്രണം പൂർണമായി നീക്കുമ്പോഴും ചരക്കു വാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചുവരെയും മേൽപ്പാലത്തിലൂടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.