മഞ്ചേരി നഗരസഭയുടെ ദുര്‍ഭരണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി
1574823
Friday, July 11, 2025 5:47 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭയുടെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ അനുവദിച്ച 9.67 നഷ്ടപ്പെടുത്തിയെന്ന ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍ കൗണ്‍സില്‍ ചര്‍ച്ചയ്ക്കെടുക്കുക, ഡയാലിസിസ് രോഗികള്‍ക്കുള്ള കിറ്റ് വിതരണത്തിലും ആശുപത്രികള്‍ക്കുള്ള മരുന്ന് വിതരണത്തിലും ഗുരുതരമായ ക്രമക്കേട് നടന്നതായ ഓഡിറ്റ് പരാമര്‍ശത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുക, ഭവനപദ്ധതി നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയത് കാരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കേണ്ട 14 കോടി രൂപയുടെ ഗ്രാന്റും നഷ്ടപ്പെടുത്തി. ഓഡിറ്റ് റിപ്പോര്‍ട്ട് 30 ദിവസത്തിനുള്ളില്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും ഭരണസമിതി കൂട്ടാക്കിയില്ല. ഓഡിറ്റ് ചര്‍ച്ചെക്കെടുത്താല്‍ അഴിമതികള്‍ ഓരോന്നായി പുറത്തുവരുമെന്ന ഭയമാണ് ഇതിനുപിന്നില്‍.
ഭരണപക്ഷ വാര്‍ഡുകള്‍ക്ക് 8 മുതല്‍ 15 ലക്ഷം വരെ വികസന ഫണ്ട് അനുവദിക്കുന്നു. എന്നാല്‍ പ്രതിപക്ഷ വാര്‍ഡുകള്‍ക്ക് മൂന്ന് ലക്ഷം മാത്രമാണ് അനുവദിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഭരണസമിതി രാജിവയ്ക്കണെമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ടൗണ്‍ ചുറ്റിയ മാര്‍ച്ച് നഗരസഭാ ഓഫീസിന് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു. സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രേമാ രാജീവ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സാജിദ് ബാബു, കെ. ഉബൈദ്, എ.വി. സുലൈമാന്‍, സി.പി. അബ്ദുല്‍ കരീം, കെ. ടി. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.