മരുതൻപാറ കമ്മ്യൂണിറ്റി സെന്റർ കെട്ടിടം തകർന്ന സംഭവം : വീഴ്ച സമ്മതിച്ച് "നിർമിതി’യും കരാറുകാരും
1574566
Thursday, July 10, 2025 5:34 AM IST
പെരിന്തൽമണ്ണ: താഴേക്കോട് ഗ്രാമപഞ്ചായത്തിലെ മരുതൻപാറ പട്ടികജാതി സദ്ഗ്രാമത്തിൽ നിർമാണത്തിലിരുന്ന കെട്ടിടം നിലംപൊത്തിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് നിർവഹണ ഏജൻസിയായ ജില്ലാ നിർമിതി കേന്ദ്രയും കരാറുകാരും.
പട്ടികജാതി വകുപ്പ് അനുവദിച്ച 26 ലക്ഷം രൂപ ചെലവഴിച്ച് കമ്മ്യൂണിറ്റി സെന്ററിനായി പണിയുന്ന കെട്ടിടം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിലംപതിച്ചത്. കെട്ടിടം തകർന്ന സംഭവത്തിൽ നിർവഹണ ഏജൻസിയായ നിർമിതി കേന്ദ്രക്കും പട്ടികജാതിവകുപ്പിനും കരാറുകാർക്കുമെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് മരുതൻപാറയിൽ പട്ടികജാതിവകുപ്പിന്റെയും നിർവഹണ ഏജൻസികളുടെയും കരാറുകാരുടെയും നാട്ടുകാരുടെയും ഗുണഭോക്താക്കളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചേർന്നത്.
പ്രവൃത്തിയുടെ ഗുണമേൻമയും പുരോഗതിയും വിലയിരുത്തുന്നതിലും പരിശോധിക്കുന്നതിലും തങ്ങൾക്ക് വീഴ്ച സംഭവിച്ചതായി പട്ടികജാതിവകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരും നിർമിതി കേന്ദ്രയുടെ ഉദ്യോഗസ്ഥരും സമ്മതിച്ചു.
നിലംപൊത്തിയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടത്തിന്റെ നിർമാണം ഡിസംബർ 31-നകം പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ കരാറുകാർക്കും ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകി. വീഴ്ച വരുത്തിയാൽ ഇരുകൂട്ടർക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
തകർന്നുവീണ കെട്ടിടത്തിന്റെ നിർമാണത്തിന് ഉപയോഗിച്ച കല്ല്, കന്പി, സിമന്റ്, കോണ്ക്രീറ്റ് മിക്സ് എന്നിവയുടെ സാന്പിൾ പരിശോധനക്ക് അയക്കാൻ തീരുമാനിച്ചു. ഇതിൽ അപാകത കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരേയും നടപടി സ്വീകരിക്കും.
നിർമാണ പ്രവൃത്തിക്കായി ഉപയോഗിച്ചിരുന്ന സാധനങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് പരാതി ഉയർന്നിരുന്നതായും ഇതിൽ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ മാറ്റി പകരം ഗുണനിലവാരമുള്ള സാധനങ്ങൾ എത്തിച്ച് ഉപയോഗിക്കണമെന്ന് കരാറുകാർക്ക് നിർദേശം നൽകിയിരുന്നതായി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
പട്ടികജാതിവകുപ്പിൽ നിന്ന് യഥാസമയം ഫണ്ട് ലഭിക്കാത്തതിനാലാണ് നിർമാണം വൈകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതിയുടെ മേൽനോട്ട ചുമതല ജില്ലാ നിർമിതി കേന്ദ്രയുടെ ചെയർമാനായ കളക്ടർക്കും മെന്പർ സെക്രട്ടറിയായ സബ് കളക്ടർക്കുമാണ്. സംഭവം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവർ സ്ഥലം സന്ദർശിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധമറിയിച്ചു.
സംഭവത്തിൽ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്നും സർക്കാരിനും പട്ടികജാതി വകുപ്പിനും വന്ന വീഴ്ച മറച്ചുവയ്ക്കാനാണ് എംഎൽഎക്കെതിരേ സിപിഎം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. യോഗത്തിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, വാർഡ് മെന്പർ ബാലൻ മരുതൻപാറ, ജില്ലാ പട്ടികജാതി ഓഫീസർ പ്രിൻസ്, ജില്ലാ നിർമിതി കേന്ദ്ര പ്രോജക്ട് മാനേജർ കെ.ആർ. ബീന, പെരിന്തൽമണ്ണ എസ്സിഡിഒ കെ. ഗിരിജ, കരാറുകാർ, മുഹമ്മദലി, എൻ. അഷ്റഫ്, കെ.എം. ഫത്താഹ്, കുഞ്ഞയമു ഹാജി തുടങ്ങിയവർ പങ്കെടുത്തു.