ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി; ആണ്‍സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു
1574437
Thursday, July 10, 2025 12:45 AM IST
താനൂർ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനുശേഷം ട്രാൻസ്ജെൻഡർ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു. തിരൂർ സ്വദേശിയായ കമീല(35)യാണ് ആണ്‍സുഹൃത്തായ കാവപ്പുര നായർപടി സ്വദേശിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.
വീട്ടിലെ കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ബുധനാഴ്ച രാവിലെ അഞ്ചോടെ കാവപ്പുര നായർപടി സ്വദേശിയുടെ വീട്ടിൽപോയി ആത്മഹത്യ ചെയ്യുമെന്ന് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് സംഭവം.
തന്റെ മരണത്തിന് ഉത്തരവാദിയായ ഇയാളുടെ വീടിന് സമീപത്ത് പോയി മരിക്കുമെന്നാണ് വീഡിയോയിൽ പറഞ്ഞത്. ജൂലൈ ഒന്നു മുതലുള്ള ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മുഴുവനും യുവാവുമൊത്തുള്ള നിരവധി വീഡിയോകളാണ്. പ്രണയ നൈരാശ്യമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്. താനൂർ പോലീസ് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.