ഗഫൂർ അലിയുടെ ഭാര്യ വനംവകുപ്പിൽ താത്കാലിക ജോലിയിൽ പ്രവേശിച്ചു
1574820
Friday, July 11, 2025 5:31 AM IST
നിലമ്പൂർ: കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂർ അലിയുടെ ഭാര്യ ഹന്നത്ത് വനംവകുപ്പിൽ താത്കാലിക ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചു. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിന്റെ ഓഫീസിൽ എത്തിയാണ് ഹന്നത്ത് ജോലിയിൽ പ്രവേശിച്ചത്. വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഗഫൂർ അലിയുടെ വീട്ടിലെത്തി ഹന്നത്തിന് ജോലി ഉറപ്പ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിലെത്തി ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ മേയ് 15 നാണ് കാളികാവ് അടക്കാക്കുണ്ട് എസ്റ്റേറ്റിൽ വെച്ച് ടാപ്പിംഗിനിടയിൽ ഗഫൂർ അലിയെ കടുവ കടിച്ചുകൊന്നത്. മലപ്പുറം ജില്ലയിൽ ആദ്യമായാണ് കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത്.
ഗഫൂർ അലിയുടെ മരണത്തോടെ ഭാര്യയും മൂന്ന് മക്കളും നിസഹായാവസ്ഥയിലായിരുന്നു. നിലമ്പൂർ ഡിവിഷൻ ഓഫീസിലായിരിക്കും ഹന്നത്ത് ജോലി ചെയ്യുക. സഹോദരങ്ങളായ ഹർഷൽ, നാഷി, എൻസിപി നേതാക്കളായ പരുന്തൻ നൗഷാദ്, കണ്ണിയൻ കരീം, കുട്ട്യാമ്മു എന്നിവരും വനംവകുപ്പ് ഓഫീസിലെത്തിയിരുന്നു.