ഫൈബർ ഗ്ലാസ് വള്ളത്തിന്റെ മരക്കാൽ പൊട്ടി കടലിൽവീണു : മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
1574819
Friday, July 11, 2025 5:31 AM IST
താനൂർ: ഫൈബർ ഗ്ലാസ് വള്ളത്തിന്റെ മരക്കാൽ പൊട്ടി കടലിൽ വീണ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. പരപ്പനങ്ങാടി സ്വദേശികളായ കൊങ്ങന്റെ പുരക്കൽ അലി അക്ബർ (47), ചീരാമാന്റെ പുരക്കൽ അഷ്റഫ് (57), പറമ്പിൽ വീട്ടിൽ മാമുക്കോയ (55) എന്നിവർക്കാണ് പരിക്കേറ്റത്. കൂട്ടായിക്ക് നേരെ 20 കിലോമീറ്റർ അകലെ ഇന്നലെ രാവിലെ 8.30 നാണ് അപകടം നടന്നത്.
പരപ്പനങ്ങാടിയിലെ എ.പി.റഷീദ്, കെ.പി.മുനീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബുറാഖ് വള്ളത്തിൽ പുലർച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ടതായിരുന്നു തൊഴിലാളികൾ. വള്ളത്തിലെ കയറും മറ്റും ബന്ധിപ്പിക്കുന്ന മരക്കാലിൽ പിടിച്ചുനിൽക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടി വീഴുകയായിരുന്നു.
ഇതിൽ പിടിച്ചു നിന്നിരുന്ന മൂന്ന് തൊഴിലാളികളും കടലിൽ വീണു. ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി ഇതേ വള്ളത്തിൽ തന്നെ തുറമുഖത്ത് അടുപ്പിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ അലി അക്ബറിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെ മൂലക്കൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.