പൂഴിത്തോട് - പടിഞ്ഞാറത്തറ ബദല്‍പാത : ഡിസംബറിനുള്ളില്‍ പദ്ധതിരേഖയ്ക്ക് അന്തിമരൂപം നല്‍കും: മന്ത്രി റിയാസ്
1592602
Thursday, September 18, 2025 5:19 AM IST
കോഴിക്കോട്: താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതപ്രതിസന്ധി പരിഹരിക്കുന്നതിനു പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരം ബദല്‍പാതയ്ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. ഡിസംബറിനുള്ളില്‍ പദ്ധതിരേഖയ്ക്ക് അന്തിമരൂപം നല്കാന് നിര്‍ദേശിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജനവരി 30നാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡുമായി ബന്ധപ്പെട്ട സബ്മിഷന് ഒ.ആര്. കേളു നിയമസഭയില്‍ അവതരിപ്പിച്ചത്. ടി.പി. രാമകൃഷ്ണന് എംഎല്‍എയും ഈ റോഡ് പ്രാവര്ത്തികമാകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് സഭയ്ക്ക് നല്കിയ ഉറപ്പാണ് ഈ റോഡിന്റെ സാധ്യതാപഠനം നടത്തും എന്നുള്ളതെന്ന് മ്രന്തി പറഞ്ഞു.
സാധ്യതാ പഠനത്തിനായി 2024 മാര്‍ച്ച് പത്തിന് 1.5 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ആ ഘട്ടത്തില്‍ വനത്തിനകത്ത് ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുള്ള അനുമതി വേണ്ടിയിരുന്നു. വനം വകുപ്പ് മന്ത്രിയുമായി നേരിട്ട് സംസാരിച്ച് വകുപ്പ് തലത്തില്‍ ഇടപെട്ടാണ് അത് സാധ്യമാക്കിയത്.
നിലവില്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തീകരിച്ചു. കോഴിക്കോട് ജില്ലയിലും വയനാട് ജില്ലയിലും വനേതര ഭാഗത്ത് ജിപിഎസ് സര്‍വേയും വനത്തിനുള്ളില്‍ ലിഡാറും ഡ്രോണും ഉപയോഗിച്ചുള്ള സര്‍വേയുമാണ് നടത്തിയത്.പടിഞ്ഞാറത്തറ ഭാഗത്ത് വനത്തിനുള്ളില്‍ 6.5 കി.മീറ്ററും വനേതര ഭാഗത്ത് 10 കി.മീറ്ററും സര്‍വേ നടത്തി. കോഴിക്കോട് പൂഴിത്തറയില്‍ വനേതര ഭാഗത്ത് 5 കി.മീറ്ററും വനഭാഗത്ത് 3 കി.മീറ്ററോളവും സര്‍വേ നടപടികള്‍ നടത്തിയതായി മന്ത്രി പറഞ്ഞു.
സര്വേപൂര്ത്തിയാകുന്നതിന്റെ പശ്ചാത്തലത്തില്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡിന്റെ താത്കാലിക അലൈന്മെന്റ് തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അലൈന്മെന്റിന്റെ അംഗീകാരത്തിനുശേഷം പദ്ധതിരേഖ കൂടി തയാറാക്കും. ഡിസംബറോടെ പദ്ധതി രേഖയ്ക്ക് അന്തിമരൂപം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡിപിആര്‍ തയാറാക്കിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
വയനാട് ജില്ലയിലെ ഗതാഗതവുമായി ബന്ധപ്പെട്ട് വലിയ പരിഗണനയാണ് സര്‍ക്കാര്‍ പൊതുവെ നല്കിവരുന്നതെന്ന് മ്രന്തി റിയാസ് പറഞ്ഞു. ടി.പി. രാമകൃഷ്ണന് എംഎല്‍എയാണ് റോഡിനെക്കുറിച്ച് നിയമസഭയില്‍ ഉന്നയിച്ചത്.
സാധ്യതാ പഠനം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് വനംവകുപ്പിന്റെ സഹായത്തോടെ കേന്ദ്രഅനുമതി ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ഇതിനുള്ള മറുപടിയിലാണ് മന്ത്രി റിയാസ് ഡിപിആര്‍ തയാറാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്.