എട്ടു വയസുകാരിക്ക് പീഡനം: 64 വയസുകാരന് തടവും പിഴയും
1592622
Thursday, September 18, 2025 5:41 AM IST
നാദാപുരം: എട്ടു വയസുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 64 വയസുകാരന് 15 വര്‍ഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് കെ. നൗഷാദ് അലി.
പൂതംപാറ സ്വദേശി കുന്നുമ്മല്‍ കുഞ്ഞിരാമനെ(64) യാണ് ശിക്ഷിച്ചത്. 2001 ലാണ് കേസിനാധാരമായ സംഭവം നടന്നത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ കടയില്‍ വച്ചാണ് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയത്.
പീഡിപ്പിച്ച വിവരം വിദ്യാര്‍ഥിനി സ്കൂള്‍ കൗണ്‍സിലര്‍ മുഖേന തൊട്ടില്‍പാലം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തൊട്ടില്‍പാലം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എം.പി. വിഷ്ണുവാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
പ്രതി കട നടത്തിയിട്ടില്ലെന്നും വേറൊരാള്‍ക്ക് വാടകക്ക് കൊടുത്തിരുന്നു എന്നും കാണിച്ച് പ്രതിഭാഗത്ത് നിന്ന് സാക്ഷികളെ വിസ്തരിച്ചിരുന്നു. ഈ വാദം കോടതി തള്ളിക്കളഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. അസി. സബ് ഇന്‍സ്പെക്ടര്‍ പി.എം. ഷാനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.