വരുന്നൂ.. കോര്‍പറേഷന്റെ ഷോപ്പിങ് ഫെസ്റ്റിവൽ
1592213
Wednesday, September 17, 2025 5:16 AM IST
കോഴിക്കോട് : വ്യാപാരമേഖലയ്ക്ക് ഉണര്‍വേകാനും ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോര്പറേഷന് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കോര്‍പറേഷന്റെ എല്ലാ പ്രദേശങ്ങളിലേയും വ്യാപാരികളെ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഫെസ്റ്റിവല്‍ സംഘിടിപ്പിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിനായി ഡിപിആര്‍ തയാറാക്കുന്നതിന് ഇവന്റ് മാനേജ്മെന്റ് കമ്പനിയെ ചുമതലപ്പെടുത്താന്‍ മേയര്‍ ഡോ.ബീനാഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്ന്നകൗണ്സില് യോഗം അംഗീകാരം നല്കി. ഫെസ്റ്റിവല്‍ എങ്ങനെ എപ്രകാരം നടപ്പാക്കുമെന്നത് സംബന്ധിച്ചാണ് ഡിപിആര്‍ തയാറാക്കുന്നത്. ഇതിനായി താല്പര്യപത്രം ഉടന്‍ ക്ഷണിക്കും.
എന്നാല്‍ മേളകള്‍ നടത്തി പരചയസമ്പത്തുള്ള കോര്പറേഷന് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘിടിപ്പിക്കാന്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് ഡിപിആര്‍ തേടുന്നതിനോട് യുഡിഎഫ് അംഗങ്ങള്‍ വിയോജിച്ചു. കോര്‍പറേഷനിലെ മികച്ച ഉദ്യോഗസ്ഥരെയും സ്റ്റാന്റിങ് കമ്മിറ്റികളേയും ഉള്‍പ്പെടുത്തി ഡിപിആര്‍ തയാറാക്കാവുന്നതാണെന്ന് പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീന് കോയ പറഞ്ഞു.
ഇവന്റ് മാനേജ്മെന്റ് കമ്പനി ഫെസ്റ്റിവല്‍ നടത്തുമ്പോള്‍ കോര്‍പറേഷനിലെ ജനപ്രതിനിധികള്‍ക്ക് കാര്യമായി ഇടപെടാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ ചരിത്രപരമായി ഏറെ പ്രാധാന്യങ്ങളുള്ള നഗരത്തിന്റെ പൈതൃകത്തിന് ഇണങ്ങുന്ന രീതിയിയില്‍ പ്രഫഷനലായി ഒരു രൂപ രേഖ തയാറാക്കുന്നതിനാണ് കമ്പനിയെ ചുമതലപ്പെടുത്തുന്നതെന്ന് മേയറും ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദും പറഞ്ഞു.