മലയോര ഹൈവേ : ഭൂമി വിട്ടുനല്‍കിയവര്‍ക്ക് ഉടന്‍ സാക്ഷ്യപത്രം നല്‍കുമെന്ന്
1592214
Wednesday, September 17, 2025 5:17 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് ടൗണില്‍ റോഡിനായി ഭൂമി വിട്ടുനല്‍കിയ ഉടമകളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി അപേക്ഷ നല്‍കിയവര്‍ക്ക് ഇളവ് ലഭിക്കുന്നതിനായി റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്നും നല്കുന്ന സാക്ഷ്യപത്രം ഉടന്‍ നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ് അറിയിച്ചു.
റോഡ് നിര്‍മ്മാണത്തിനായി സ്ഥലം വിട്ടു നല്കിയ കെട്ടിട ഉടമകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കുമെന്ന് ഉടമകള്‍ സമ്മതപത്രം നല്കിയ സമയത്ത് പഞ്ചായത്ത് അറിയിച്ചിരുന്നു.
റോഡില്‍ നിന്നും മൂന്നു മീറ്റര്‍ ദൂരം പാലിച്ചുകൊണ്ട് കെട്ടിടം നിര്‍മ്മിക്കണമെന്ന ചട്ടത്തില്‍ ഇളവ് നല്‍കുമെന്നാണ് പഞ്ചായത്ത് ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ കെട്ടിട നിര്‍മാണ ആവശ്യാര്‍ത്ഥം ഉടമകള്‍ പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ഭൂമി വിട്ടു നല്കിയെന്നുള്ള കെ ആര് എഫ് ബി യുടെ സാക്ഷ്യപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
ഇത് ഭൂ ഉടമകളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഭൂമി വിട്ടു നല്‍കിയിട്ടും ഉടമകള്‍ക്ക് കെആര്‍എഫ്ബി സാക്ഷ്യപത്രം നല്‍കാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതേ തുടര്‍ന്ന് റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് അപേക്ഷ നല്കിയ ഏഴു പേരുടെ സ്ഥലംഇന്നലെ അളന്ന് തിട്ടപ്പെടുത്തി. രണ്ടുദിവസത്തിനുള്ളില്‍ ഇവര്‍ക്ക് സാക്ഷ്യപത്രം നല്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് വിന്‍സി തോമസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമിലി ബിജു, കെആര്‍എഫ്ബി ഉദ്യോഗസ്ഥരായ പ്രോജക്ട് എന്‍ജിനീയര്‍ കെ.അദ്യുത് രാജ്, സൈറ്റ് സൂപ്പര്‍വൈസര്‍ എം.ജെ. അതുല്‍, എന്‍.കെ കുഞ്ഞമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.