കെ-സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
1592210
Wednesday, September 17, 2025 5:16 AM IST
കോഴിക്കോട്: കോര്പറേഷന് ഓഫീസിലെ കെ-സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും സാമൂഹ്യ സുരക്ഷാ പെന്ഷന് സേവന കേന്ദ്രത്തിന്റെയും പ്രവര്‍ത്തനം ആരംഭിച്ചു. കോര്പറേഷന് ഓഫീസില്‍ നിന്ന് ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ സംബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ബോര്‍ഡ് ജനസേവനകേന്ദ്രത്തിന് മുന്നില്‍ സ്ഥാപിച്ചു.
ഫ്രന്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. കോര്പറേഷന് ഓഫീസില്‍ നിന്നു പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് കൗണ്‍സിലും ജീവനക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം ഓഫീസില്‍ ആരംഭിച്ചതെന്ന് മേയര്‍ പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങള്‍ വഴി ഫീസ് നല്കി സമര്‍പ്പിച്ചിരുന്ന വിവിധ അപേക്ഷകള്‍ ഇനി കോര്പറേഷന് ഓഫീസില്‍ നിന്നു സൗജന്യമായി പൊതുജനങ്ങള്‍ക്കാകെ ലഭ്യമാകും. പെന്ഷന് സേവന കേന്ദ്രം സാധാരണക്കാരായ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് വലിയ ആശ്രയമാകും. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്മാന്മാരായ പി.ദിവാകരന്, പി.സി രാജന്, കോര്പറേഷന് സെക്രട്ടറി കെ.യു ബിനി , അഡീഷണല്‍ സെക്രട്ടറി എന്‍.കെ ഹരീഷ് എന്നിവര്‍ സംസാരിച്ചു.