കോഴിക്കോടിന്റെ സാമ്പത്തിക ഇടനാഴിയായി കുട്ട-പുറക്കാട്ടിരി ഗ്രീന്‍ഫീല്‍ഡ് ഹൈവേ മാറും
1592194
Wednesday, September 17, 2025 4:51 AM IST
കോഴിക്കോട്: കര്‍ണാടകയിലെ കുട്ടയില്‍ നിന്ന് പുറപ്പെട്ട് മാനന്തവാടി വഴി കോഴിക്കോട്ടെ പുറക്കാട്ടിരി വരെ നീളുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ഥ്യമായാല്‍ കോഴിക്കോടിന്റെ സാമ്പത്തിക ഇടനാഴിയായി മാറും. 45 മീറ്ററില്‍ നാലുവരിയായി ലക്ഷ്യമിടുന്ന ഹൈവേ ഒരു എക്കണോമിക് കോറിഡോര്‍ ആയാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ റോഡ് കോഴിക്കോട് നിന്നു കുട്ടയില്‍ എത്തുന്നതോടെ നിരവധി സാധ്യതകള്‍ കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് മുന്നില്‍ തുറന്നു കിട്ടും.
കുട്ടയില്‍ നിന്നു സമീപകാലത്ത് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയ മൈസൂര്‍- കുശാല്‍നഗര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലേക്ക് കണക്ട് ചെയ്യുന്നതോടെ കര്‍ണാടകയിലെ ഹസന് വഴി പൂനെ, ഹൈദരാബാദ്, അമരാവതി, നാഗ്പൂര്‍ തുടങ്ങി ഇന്ത്യയിലെ നിരവധി പ്രധാന നഗരങ്ങളിലേക്ക് കോഴിക്കോട് നിന്നു സമാന്തരപാതകള്‍ തുറന്നു കിട്ടും.
ഇത് കൂടാതെ മൈസൂരു, ബംഗളൂരു നഗരങ്ങളിലേക്ക് രാത്രിയാത്രാ നിരോധനമില്ലാത്ത 24 മണിക്കൂര്‍ ചരക്ക് ഗതാഗതം ഉറപ്പ് നല്കുന്ന പാതയായും ഇത് മാറും. കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന നിര്‍ദിഷ്ട കണ്ണൂര്‍ എയര്‍പോര്‍ട്ട് - കുറ്റ്യാടി നാലുവരിപ്പാതയും നിലവിലെ സംസ്ഥാന-ദേശീയപാതകളും പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മലയോര ഹൈവേയും ഈ റോഡിനോട് ചേരുന്നതോടെ താമരശേരി ചുരത്തിനും കുറ്റ്യാടി ചുരത്തിനും ഇടയില്‍ കിടക്കുന്ന അവികസിതമായ മലയോരമേഖലയില്‍ മികച്ച റോഡ് നെറ്റ്വര്‍ക്ക് തന്നെ രൂപപ്പെടും. ഇവിടങ്ങളിലെ ടൂറിസം സാധ്യതകളും കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിലവില്‍ പറഞ്ഞുകേള്‍ക്കുന്ന അലൈന്മെന്റ് ഉപയോഗിച്ചാല്‍ കോഴിക്കോട്ടെ അകലാപ്പുഴ മുതല്‍ വയനാട്ടിലെ ബാണാസുരസാഗര്‍ വരെയുള്ള വിവിധ ടൂറിസം പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍, കടല്‍, കായല്‍ മുതല്‍ പശ്ചിമഘട്ടമലനിരകള്‍ വരെ നീളുന്ന വൈവിധ്യം നിറഞ്ഞ കാഴ്ചകള്‍ ഈ പാതയ്ക്ക് ഇരുവശവും ഒരുക്കും.
നിരവധി വന്‍നഗരങ്ങളിലേക്ക് യാത്രയ്ക്കും ചരക്ക് നീക്കത്തിനും പുതിയ വഴികള്‍ തുറക്കുന്ന ഈ റോഡ് വലിയ വാണിജ്യ സാധ്യതകളാണ് കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് മുന്നില്‍ തുറന്നിടുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 766-ലെ രാത്രിയാത്ര നിരോധനം കേവലം യാത്രക്കാര്‍ക്ക് മാത്രമല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
ചരക്കുവാഹനങ്ങളുടെ ഇടതടവില്ലാത്ത സഞ്ചാരം ഇല്ലാതാക്കി ചരക്ക് നീക്കത്തിന് കാലതാമസം വരുത്തുകയും വലിയ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ ഗതാഗതനിയന്ത്രണം കഴിഞ്ഞു നീങ്ങുന്ന ചരക്കുവാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ ഒന്നിച്ച് താമരശേരി ചുരത്തില്‍ എത്തി രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കുട്ട- പുറക്കാട്ടിരി ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ പ്രസക്തി വര്‍ധിക്കുന്നതെന്ന് ആക്ഷന്‍കമ്മിറ്റി വ്യക്തമാക്കി.
7134 കോടി രൂപയുടെ ഈ പദ്ധതി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി 2024 ജനുവരി അഞ്ചിനു ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഡിപിആര്‍ തയാറാക്കാന്‍ ഒരു കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതായും ജനുവരിയില്‍ അന്തിമരൂപം പുറത്ത് വരുമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും പദ്ധതി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ബാലുശേരിയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് എന്‍.യു പ്രവീണ്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കുഞ്ഞിക്കണ്ണന് ചെറുക്കാട് , ഒ.എം കൃഷ്ണകുമാര്‍, കെ.പി മനോജ് കുമാര്‍, ഉണ്ണിക്കൃഷ്ണന് തിരുളി, അബ്ദുള്‍ ഫൈസല്‍, ടി.പി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.