തിക്കോടിയിൽ അടിപ്പാത നിർമ്മാണം ആരംഭിച്ചു
1592097
Tuesday, September 16, 2025 7:32 AM IST
പയ്യോളി: രണ്ടു വർഷത്തിലേറെയായി പ്രതിഷേധവും സമരവുമായി നിലകൊണ്ട തിക്കോടി നിവാസികൾക്ക് അനുവദിച്ച അടിപ്പാതയുടെ നിർമ്മാണം ആരംഭിച്ചു.
തിക്കോടി ടൗണിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് 350 മീറ്റർ ദൂരെയാണ് അടിപ്പാത നിർമ്മിക്കുന്നത്. ഒരുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ആകും എന്നാണ് പ്രതീക്ഷ. ഇതോടെ തിക്കോടി മേഖലയിലെ ദേശീയപാത വികസനത്തിന്റെ അനിശ്ചിതാവസ്ഥയ്ക്ക് പൂർണ്ണവിരാമം ഉണ്ടാകും.ദേശീയപാത നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി തിക്കോടിയിലെ ബഹുജന കൂട്ടായ്മ സമര രംഗത്തുണ്ട്.
ഏറെ ജനസാന്ദ്രതയുള്ള തീരദേശവും കിഴക്കൻ ഭാഗവും തമ്മിൽ വിഭജിക്കപ്പെടുമെന്ന് ആശങ്കയായിരുന്നു ഈ നീക്കത്തിന് കാരണമായത്.എന്നാൽ ഒരു കിലോമീറ്റർ താഴെ ദൂരെയുള്ള തിക്കോടി പഞ്ചായത്ത് ബസാറിൽ അടിപ്പാത അനുവദിച്ചതോടെ തിക്കോടി ടൗണിലെ അടിപ്പാതാ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു.
ഇതോടെയാണ് റിലേ നിരാഹാരം ഉൾപ്പെടെയുള്ള സമരപ്രക്ഷോഭ പരമ്പരങ്ങളുമായി അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ തിക്കോടിയിലെ ജനങ്ങൾ അണിനിരന്നത്. കേരളത്തിൽ എല്ലായിടത്തും ദേശീയപാത നിർമ്മാണം പുരോഗമിച്ചപ്പോഴും തിക്കോടി ഉൾപ്പെടുന്ന ചെറിയ മേഖലയിലെ നിർമ്മാണം സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് ആരംഭിക്കുക പോലും ചെയ്തിരുന്നില്ല .