എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്
1591780
Monday, September 15, 2025 5:14 AM IST
കൊയിലാണ്ടി: എൻഎച്ച് 66 എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിലധികമായി എൻഎച്ച്എഐക്കും സർക്കാറുകൾക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ മറുപടി നൽകാതെ നിഷേധ സമീപനം സ്വീകരിക്കുന്നതിനെതിരേയാണ് നന്തി ബസാറിലെ ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങുന്നത്.
അഴിയൂർ - വെങ്ങളം സ്ട്രെച്ചിലെ നന്തി ബസാറിലെ പുതിയതായി നിർമിച്ച ഹെവി വെഹിക്കിൾ അണ്ടർ പാസിൽ നിന്ന് ശ്രീശൈലം കുന്നുകൾ വരെയുള്ള 300 മീറ്റർ നീളം എംബാങ്ക്മെന്റിന് പകരം സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പ് നൽകുന്ന സ്പാൻ ഉപയോഗിച്ച് എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
10 മീറ്റർ ഉയരവും 300 മീറ്റർ നീളവും 30 മീറ്റർ വീതിയും ഉള്ള എംബാങ്ക്മെന്റിന് 90000 ക്യൂബിക് മീറ്റർ (ഏകദേശം ഒരു ലക്ഷത്തി നാൽപ്പത്തി നാലായിരം ടൺ) മണ്ണ് ആവശ്യമാണ്. ഇതിനായി കാലാവസ്ഥ വ്യതിയാനങ്ങൾക്കും മണ്ണിടിച്ചിലുകൾക്കും കുടിവെള്ള ക്ഷാമത്തിനും ഇടയാക്കുന്ന വലിയ കുന്നുകൾ തന്നെ ഇടിച്ചു നിരത്തേണ്ടി വരും.
കനത്ത മഴ ലഭിക്കുന്ന പ്രദേശമായതിനാൽ മഴവെള്ളം എംബാങ്ക്മെന്റിന് അകത്ത് പ്രവേശിച്ച് (water unfiltration) എംബാങ്ക്മെന്റ് തകരാനും നന്തി ടൗൺ വെള്ളത്തിൽ മുങ്ങാനും സാധ്യതയുണ്ട്. കുരിയാട്, ചേലക്കര, ബിമ്നോർ, കലിംഗഗെറ്റ് പുനർദാദ, ഷിരൂർ എന്നീ അപകടങ്ങളും നാട്ടുകാർ ചൂണ്ടി കാട്ടുന്നു.
അഴിയൂർ - വെങ്ങളം 40.8 കിലോമീറ്റർ 1838 കോടി രൂപയ്ക്ക് സ്ട്രെച്ച് കരാറെടുത്ത അദാനി എന്റർപ്രൈസസ് വെറും 971 കോടി രൂപയ്ക്കാണ് വഗാഡ് ഇൻഫ്രാസ്ട്രെക്ച്ചർ കമ്പനിക്ക് ഉപകരാർ നൽകിയത്. 867 കോടി രൂപയാണ് ഈ പ്രൊജക്ടിൽ അദാനിക്ക് നോക്കു കൂലിയായി ലഭിച്ചിരിക്കുന്നത്.
നന്തിയിൽ എംബാങ്ക്മെന്റ് ഒഴിവാക്കി എലിവേറ്റഡ് ഹൈവേ പണിയാനുള്ള അധിക പണം ഈ നോക്കുകൂലിയിൽ നിന്ന് ചെലവഴിക്കാൻ കേന്ദ്ര സർക്കാർ അദാനിയോട് ആവശ്യപ്പെടണം.
നാടിന് നാശമാകുന്ന 300 മീറ്റർ എംബാങ്ക്മെന്റ് ഒഴിവാക്കി എലിവേറ്റഡ് ഹൈവേ നിർമിക്കാൻ എൻഎച്ച്എഐ തയാറാകുന്നില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു. സമരത്തിന്റെ സൂചനയായി 16 ന് 24 മണിക്കൂർ ഉപവാസവും 19 ന് വൈകിട്ട് നന്തിയിലുള്ള വഗാഡ് ഓഫീസിലേക്ക് മാർച്ചും പൊതുയോഗവും നടത്തും.