വയനാട് ടൗണ്‍ഷിപ്പ് പദ്ധതി : യുഎല്സിസിഎസിക്ക് 39.80 കോടി ധനസഹായം
1591769
Monday, September 15, 2025 4:52 AM IST
കോഴിക്കോട്: വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ടിന്റെ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്)ക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സായി 39.80 കോടി രൂപ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
പദ്ധതിയുടെ ആകെ കരാര്‍ തുകയുടെ 20 ശതമാനമാണ് മൊബിലൈസേഷന്‍ അഡ്വാന്‍സായി അനുവദിക്കുന്നത്. ഈ തുക വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച ഫണ്ടില്‍ നിന്നും നല്‍കും.
വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ടിന് സര്‍ക്കാര്‍ 351 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
കിഫ്കോണ്‍ 324കോടി രൂപയുടെ സാങ്കേതിക അനുമതി നല്കി. ചര്‍ച്ചകള്‍ക്ക് ശേഷം ഊരാളുങ്കല്‍ സൊസൈറ്റിയുമായി 299 കോടി രൂപയുടെ (ജിഎസ്ടി ഉള്‍പ്പെടെ) എന്‍ജിനിയറിംഗ്, പ്രൊക്യൂര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ കരാറില്‍ ഒപ്പുവച്ചു.
ഈ കരാര്‍ തുകയുടെ 20 ശതമാനമായ 59.8 കോടി രൂപയാണ് മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്കാന് കഴിയുന്ന പരമാവധി തുക. നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 കോടി രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. ഇതുപ്രകാരം ബാക്കിയുള്ള തുകയായ 39.80 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്. മാര്‍ച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പിന് ശിലയിട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഓരോ കുടുംബത്തിനും ഏഴു സെന്റില്‍ ആയിരം ചതുരശ്രയടി വിസ്തീര്‍ണമുളള വീടാണ് നിര്‍മിക്കുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവ ഉള്‍പ്പെടെയാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്.
അതിനിടെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന മൈക്രോ പ്ലാന്‍ ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ (പിഐയു) നടത്തിപ്പ് ചെലവുകള്‍ക്കായി 19.20 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു.
വയനാട് ജില്ലാ കളക്ടറേറ്റിലാണ് മൈക്രോ പ്ലാന്‍ ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ (എസ്ഡിആര്‍എഫ്) നിന്ന് 19.20 ലക്ഷം രൂപ അനുവദിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ദുരന്തബാധിതര്‍ക്കായി കോടതി വിധി പ്രകാരം അനുവദിച്ച 120 കോടി രൂപയില്‍ നിന്ന് എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് 19.20 ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.