ആനന്ദനിർവൃതിയിലാഴ്ത്തി മഹാശോഭായാത്ര
1591784
Monday, September 15, 2025 5:14 AM IST
കൊയിലാണ്ടി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന മഹാശോഭായാത്ര നഗരത്തെ ആനന്ദ നിർവൃതിയിലാഴ്ത്തി.
"ഗ്രാമം തണലൊരുക്കട്ടെ; ബാല്യം സഫലമാകട്ടെ' എന്ന സന്ദേശമുയർത്തി ആബാലവൃദ്ധം ഭക്തർ അണിനിരന്ന ശോഭായാത്രയിൽ വേഷ പ്രഛന്നരായ ബാലികാ-ബാലകന്മാർ ഓടക്കുഴലേന്തി പീലിതിരുമുടി ചൂടി കണ്ണന്റെ ബാല്യകാല കുസൃതികളെ അനുസ്മരിപ്പിച്ചു.
മുത്തുക്കുടകളും, താലപ്പൊലിയും, ഭജന സംഘങ്ങളും, കൃഷ്ണലീല നൃത്തമാടിയ കുട്ടികളും ശോഭായാത്രക്ക് മിഴിവേകി. രാധാ-കൃഷ്ണ ജീവിത സങ്കൽപങ്ങളിലെ ഭക്തിനിർഭരവും രസ പ്രധാനവുമായ മുഹൂർത്തങ്ങളെ സ്മരിക്കുന്ന പ്രൗഢവും വർണാഭവുമായ നിശ്ചല ദൃശ്യങ്ങൾ നഗരവീഥിയിലെ വിസ്മയ കാഴ്ചകളായി മാറി.
വൃന്ദാവനത്തിലെ ഗോപികമാരുടെ പ്രേമ പാരവശ്യവും, ഗോപരിപാലനവും, കാളീയ മർദ്ദനവും മറ്റും ദൃശ്യചാരുത പകർന്നു. ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ഏഴു കുടിക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്ര പരിസരം, വലിയ മങ്ങാട് അറയിൽ ശ്രീകുറുംബ ഭഗവതി ക്ഷേത്ര പരിസരം,
ചെറിയ മങ്ങാട് കോട്ടയിൽ ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര പരിസരം, മനയടത്ത് പറമ്പിൽ ക്ഷേത്രപരിസരം, വിരുന്നു കണ്ടി ശ്രീകുറുംബാഭഗവതി ക്ഷേത്രപരിസരം, ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്ര പരിസരം, കൊരയങ്ങാട് ഭഗവതി ക്ഷേത്ര പരിസരം, കൊല്ലം വേദവ്യാസവിദ്യാലയം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ കൊരയങ്ങാട് തെരുവിൽ സംഗമിച്ചു.
ശേഷം സംഘാടക സമിതി ചെയർമാൻ വി.കെ. മുകുന്ദൻ വിവേകാനന്ദപ്പാറ സംരക്ഷണത്തിനായി പൊരുതിയ നാരായണന് ഗോകുല പതാക കൈമാറി. മഹാ ശോഭായാത്ര കൊയിലാണ്ടി സ്റ്റേഡിയത്തിൽ സമാപിച്ചു.