വേള്‍ഡ് അത്ലറ്റിക്സ് ബ്രോണ്‍സ് ലെവല്‍ റഫറി ടെസ്റ്റ് പാസായി ഡോ. റോയ് വി. ജോണ്‍
1592102
Tuesday, September 16, 2025 7:32 AM IST
കോഴിക്കോട്: വേള്‍ഡ് അത്ലറ്റിക്സ് നേരിട്ട് നടത്തിയ റഫറി സെലക്ഷനില്‍ ബ്രോണ്‍സ് ലെവല്‍ നേട്ടവുമായി ഡോ. റോയ് വി. ജോണ്‍. കോമണ്‍വെല്‍ത്ത് ഗെയിംസ്, എഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്, ഓള്‍സ്റ്റാര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള പരിചയമാണ് ഈ നേട്ടത്തിലേക്ക് റോയിയെ എത്തിച്ചത്. കഴിഞ്ഞ ദേശീയ ഗെയിംസിലും ട്രാക്കിനെ നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്ന് അത്ലറ്റിക്സ് കോച്ചിംഗില്‍ എ ഗ്രേഡ് നേടിയിട്ടുള്ള റോയ് കാലിക്കട്ട് യൂണിവേഴ്സിറ്റി അത്ലറ്റിക്സ് ടീം കോച്ച്, മനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് സ്പോര്‍ട്സ് മാനേജ്മെന്റ് വിഭാഗം മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും സിഐസിഎസ് ബിഎഡ് കോളജിലെ കായിക വിഭാഗം വിസിറ്റിംഗ് ഫ്രഫസറുമാണ്.