അങ്കണവാടി അധ്യാപികയുടെ മാല കവര്‍ന്ന പ്രതി അറസ്റ്റില്‍
1592103
Tuesday, September 16, 2025 7:32 AM IST
നാദാപുരം: അങ്കണവാടി അധ്യാപികയുടെ സ്വര്‍ണമാല പിടിച്ചു പറിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട് കീഴൂര്‍ ചന്ദ്രഗിരി സ്വദേശി ഷംനാസ് മന്‍സിലില്‍ മുഹമ്മദ് ഷംനാസി(32)നെയാണ് നാദാപുരം എസ്ഐ എം.പി. വിഷ്ണു അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പമായ സംഭവം.
അധ്യാപിക ഇരിങ്ങണ്ണൂര്‍ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിലെത്തിയ പ്രതി മാല പിടിച്ച് പറിക്കുകയും സ്കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ തലശേരി മേഖലയില്‍ വ്യാപകമായി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതിയെ കാസര്‍കോട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങള്‍ പിടികൂടുകയും തലശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതി ചേര്‍ക്കുകയുമായിരുന്നു.
തുടര്‍ന്ന് റിമാൻഡിലായ പ്രതിയെ നാദാപുരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി രണ്ട് ദിവസത്തേക്ക് തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയില്‍ വാങ്ങി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രതിക്കെതിരേ 12 കേസുകള്‍ നിലവില്‍ ഉണ്ടെന്നും കേസുകള്‍ വിവിധ കോടതികളില്‍ വിചാരണ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു.