ടാലൻഷിയ 2.0 മെഗാ ക്വിസ് മത്സരത്തിന് ഉജ്ജ്വല തുടക്കം
1592197
Wednesday, September 17, 2025 4:51 AM IST
താമരശേരി: താമരശേരി കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി വിദ്യാർഥികൾക്കായി നടത്തി വരുന്ന ടാലൻഷിയ 2.0 മെഗാ ക്വിസ് മത്സരത്തിന് തിരുവമ്പാടി അൽഫോൻസാ കോളജിൽ തുടക്കമായി. കോഴിക്കോട്, മലപ്പുറം ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് വിദ്യാർഥികൾ മത്സരത്തിനെത്തി. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് രാവിലെയും എൽപി വിഭാഗത്തിന് ഉച്ചകഴിഞ്ഞുമാണ് മത്സരങ്ങൾ നടന്നത്.
അൽഫോൻസാ കോളജ് മാനേജർ ഫാ. സ്കറിയ മങ്കരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് ഉദ്ഘാടനം ചെയ്തു. അൽഫോൻസാ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. മനോജ് കൊല്ലംപറമ്പിൽ ക്വിസ് മത്സരങ്ങൾ നിയന്ത്രിച്ചു. കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പ്രസംഗിച്ചു. അധ്യാപകരായ വിപിൻ എം. സെബാസ്റ്റ്യൻ, റോഷിൻ മാത്യു, ഷിബു മാത്യു എന്നിവർ നേതൃത്വം നൽകി.
രാവിലെ നടന്ന ഹയർ സെക്കൻഡറി സ്കൂൾ ഗ്രാന്റ് ഫിനാലെ മത്സരത്തിൽ പടത്തുകടവ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കുളത്തുവയൽ സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഉച്ചയ്ക്ക് ശേഷം നടന്ന എൽപി വിഭാഗം ഗ്രാന്റ് ഫിനാലെ മത്സരത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ ഒന്നാം സ്ഥാനവും കട്ടിപ്പാറ നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കൽ രണ്ടാം സ്ഥാനവും നേടി. ഇന്ന് ഹൈസ്കൂൾ, യുപി വിഭാഗം മത്സരങ്ങൾ നടക്കും. സമാപന സമ്മേളനം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
കോർപറേറ്റ് മാനേജർ ഫാ.ജോസഫ് വർഗീസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. ചലചിത്ര അക്കാദമി റീജണൽ കോഓർഡിനേറ്റർ നവീന വിജയൻ പ്രസംഗിക്കും.