തുരങ്കപാതയ്ക്കൊപ്പം നാലുവരിപ്പാത നിർമിക്കുക ലക്ഷ്യം: എംഎൽഎ
1592212
Wednesday, September 17, 2025 5:16 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ - കള്ളാടി- മേപ്പാടി തുരങ്കപ്പാതയുടെ പ്രവേശന കവാടമായ മറിപ്പുഴയിൽനിന്നു നാഷണൽ ഹൈവേ 66 ലേക്ക് 30 മീറ്റർ വീതിയിൽ നാലുവരിപ്പാത നിർമിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.
തുരങ്ക പാതയുടെ നിർമാണോദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വാഗതസംഘം പിരിച്ചുവിടുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. തുരങ്കപാതയുടെ പണി പൂർത്തീകരിക്കുന്നതോടൊപ്പം നാലുവരി പാതയുടെ പണിയും പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും എംഎൽഎ പറഞ്ഞു.
ആനക്കാംപൊയിൽ പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി പഞ്ചായത്ത് അംഗങ്ങളായ ബേബി കരിമ്പിൻപുരയിടത്തിൽ, രാജു അമ്പലത്തിങ്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, സെന്റ് മേരീസ് യുപി സ്കൂൾ പ്രധാനാധ്യാപകൻ റോയ്, ബെന്നി ആനക്കല്ലേൽ തുടങ്ങിയവർ പ്രസംഗിച്ചു.