മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സ്ഥലമില്ല : നഗരസഭാ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമീഷന്
1592615
Thursday, September 18, 2025 5:41 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നടപടിക്രമങ്ങളില്‍ കുരുങ്ങി 16 അനാഥ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതു കാരണം മോര്‍ച്ചറിയില്‍ സ്ഥലമില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് നഗരസഭാ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഒക്ടോബര്‍ 28ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇത്രയധികം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലെത്തിയത്.
കോഴിക്കോട് ജില്ലയിലെ ആറ് പോലീസ് സ്റ്റേഷനുകളില്‍ നിന്നും മലപ്പുറം, മഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ എത്തിയത്. ഇവയില്‍ പലതും ഫ്രീസറുകളില്‍ സൂക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിലവിലുള്ളഏക ഫ്രീസര്‍ യൂണിറ്റില്‍ 18 മൃതദേഹങ്ങള്‍ മാത്രമേ സൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. മൃതദേഹങ്ങളില്‍ ചിലതെങ്കിലും ഒഴിവാക്കിയില്ലെങ്കില്‍ മോര്‍ച്ചറി നിറയുമെന്നാണ് പരാതി. ഒരു ഫ്രീസര്‍ യൂണിറ്റ് പ്രവര്‍ത്തനക്ഷമമല്ല.
അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്ക്കരിക്കാന്‍ കോര്‍പറേഷനിലേക്ക് മൂന്നു തവണ കത്തു നല്‍കിയതായി പോലീസ് പറയുന്നു.