ക്യുആർ കോഡ് സ്കാൻ; നിര്‍ദേശങ്ങളുമായി പോലീസ്
1592606
Thursday, September 18, 2025 5:19 AM IST
കോഴിക്കോട്: ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതുവഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായി പോലീസ്. ക്യുആർ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്കുന്നു.
ഇമെയിലിലെയും എസ്എംഎസിലെയും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ ക്യുആർ കോഡുകൾ നയിക്കുന്ന യുആര്എല്കൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.
ക്യുആർ കോഡ് സ്കാനർ ആപ് - സെറ്റിംഗ്സിൽ ‘ഓപ്പണ്‍ യുആര്എല്എസ് ഓട്ടോമാറ്റിക്കലി'എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.
അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യു ആർ കോഡ് ജനറേറ്റ് ചെയ്യുകയാണ് വേണ്ടത്. ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക, കസ്റ്റം ക്യുആർ കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക, ക്യുആർ കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക എന്നീ നിര്‍ദേശങ്ങളും പോലീസ് നല്കുന്നു.